അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു; ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ പുതിയ വെളിപ്പെടുത്തൽ
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് പിന്നിലെ ദുരൂഹത വർധിക്കുന്നു. അപകടവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി കലാഭവൻ സോബി രംഗത്തെത്തി.
അപകടത്തിന് പിന്നാലെ അതുവഴി സോബി കടന്നുപോയിരുന്നു.
ബാലഭാസ്‌കറിന്റെ പരിപാടികളുടെ സംഘാടകനായിരുന്ന പ്രകാശ് തമ്പിയും സഹായി ആയിരുന്ന വിഷ്ണുവും സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് സോബിയുടെ വെളിപ്പെടുത്തൽ.
മാതൃഭൂമി ന്യൂസാണ് വാർത്താ റിപ്പോർട്ട് ചെയ്യുന്നത്.
കാറപകടം നടന്ന സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതായാണ് സോബി പറയുന്നത്.
അപകടം നടന്നതിന് പിന്നാലെ ഒരാൾ ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു.
ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങൾ അന്നേ സംശയം ജനിപ്പിച്ചിരുന്നു.
പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത് ബാലഭാസ്‌കറിന്റെ വാഹനമാണെന്ന് അറിഞ്ഞത്.
ഇതോടെ മധു ബാലകൃഷ്ണനെ വിളിക്കുകയും അദ്ദേഹം പറഞ്ഞതിനെ തുടർന്ന് പ്രകാശ് തമ്പി തന്നെ ഫോണിൽ വിളിക്കുകയും ചെയ്തു.
ആറ്റിങ്ങൽ സിഐ തന്നെ വിളിക്കുമെന്ന് പ്രകാശ് തമ്പി അന്ന് പറഞ്ഞു. എന്നാൽ പിന്നീടിതിൽ ഒരു പുരോഗതിയുമുണ്ടായില്ലെന്നും സോബി പറയുന്നു.
അപകടസമയത്ത് ഡ്രൈവറായ അർജുൻ ആണോ, ബാലഭാസ്‌കറാണോ വാഹനം ഓടിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കിയാണ്.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ടത്.