Peruvayal News

Peruvayal News

താളം തെറ്റുന്ന ഇളം തലമുറകൾ



താളം തെറ്റുന്ന ഇളം തലമുറകൾ



സാക്ഷര കേരളത്തിന്‍റെ വിശുദ്ധ മണ്ണില്‍ പിറന്നു വീഴുന്ന ഓരോ കുഞ്ഞും ഭാഗ്യവാന്മാരാണ്. കാരണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വൈവിധ്യം തീര്‍ത്ത പ്രദേശമാണ് കേരളം. എന്നാല്‍ കേരളത്തിന്‍റെ സല്‍പേരിനു വിള്ളല്‍ സൃഷ്ടിച്ചുകൊണ്ട് വിശുദ്ധ മണ്ണിനെ മലിനമാക്കുകയാണ് ഇളം തലമുറയും അവരുടെ ലഹരി ഉപയോഗവും. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സമൂഹത്തെയും വ്യക്തിയെയും ഒരുപോലെയാണ് നശിപ്പിക്കുന്നത്. ആഘോഷങ്ങളും ആനന്ദവുമായി തുടങ്ങുന്ന ലഹരിയാണ് പിന്നീട് ജീവിതത്തെ നശിപ്പിക്കുന്നത്. കളി സ്ഥലത്തും നടക്കുന്ന വഴികളിലും ചെറിയ കുഴികള്‍ കുഴിച്ച് അതിനു മുകളില്‍ കമ്പും ഉണങ്ങിയ പുല്ലും ഇലകളും വിരിച്ച് അതിനു മുകളില്‍ മണ്ണുവിരിച്ച് മറ്റുള്ളവരെ ആ കുഴിയില്‍ വീഴ്ത്തുന്നത് ബാല്യത്തിലെ ഒരു വിനോദമായിരുന്നു. അതു പോലെ തന്നെ കുട്ടികളെ വീഴ്ത്താനുള്ള പല ചതിക്കുഴികളും അവരുടെ ജീവിത വഴികളില്‍ തീര്‍ത്തിട്ടുണ്ട്. ഇത്തരം ചതിക്കുഴികളില്‍ വീഴുന്നതോടെ സ്വന്തവും ബന്ധവും നഷ്ടപ്പെട്ട് അവരുടെ ജീവിതം തകരുകയാണ് ചെയ്യുന്നത്.

 മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില, മൊബൈല്‍ ഫോണുകള്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ എണ്ണിയാലൊതുങ്ങാത്ത ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലം യുവ തലമുറ പരസ്പരം കൂട്ടുചേരാന്‍ പോലും മറന്ന് അവര്‍ അവരുടെയും ലഹരിയുടെയും സ്വകാര്യ ലോകത്തേക്ക് പ്രവേശിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അവരുടെ ജീവിതം തന്നെ. വളരുന്ന യുവ തലമുറയുടെ വര്‍ണ്ണ കടലാസിലെ അന്ധകനായ പാന്‍മസാലയും ഇന്ന് വിദ്യാര്‍ത്ഥികളുടെ ഇഷ്ട തോഴനാണ്. വില കുറവും ആകര്‍ഷകരമായ കവറുകളും ചില ലഹരി വസ്തുക്കളുമാണ് ഇന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. ലഹരിയുടെ തുടര്‍ച്ചയായ ഉപയോഗം മാനസിക രോഗത്തിനും ക്യാന്‍സറിനും കാരണമാവുന്നു. പ്രധാനമായും ലഹരി പദാര്‍ത്ഥങ്ങളുടെ മായാവലയത്തിന്‍റെ ഇരകള്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്. സ്ക്കൂളുകളേയും കോളേജുകളേയും കേന്ദ്രീകരിച്ചാണ് മുഖ്യമായും വില്‍പന.
മനുഷ്യന്‍റെ ആയുസ്സ് എത്താതെയുള്ള മരണത്തിന്‍റെ മുഖ്യ കാരണം പുകവലിയും മയക്കുമരുന്നുമാണ്. ഇന്ത്യയിലെ ക്യാന്‍സര്‍ മരണങ്ങള്‍ എണ്‍പത് ശതമാനവും തൊണ്ടയിലോ വായിലോ ക്യാന്‍സര്‍ വന്നാണ് സംഭവിക്കുന്നത്. ഇതിന് മുഖ്യ കാരണം പുകവലിയാണ്. വീണ്ടു വിചാരമില്ലാത്തവരും ആര്‍ഭാടങ്ങളില്‍ മയങ്ങുന്നവരുമൊക്കെ ലഹരിക്ക് അടിമപ്പെട്ട് പോകുന്നു. ലഹരി പദാര്‍ത്ഥം ഉപയോഗിച്ച് തുടങ്ങിയവര്‍ക്ക് അവ ഉപേക്ഷിക്കാന്‍ ഒരിക്കലും സാധിക്കില്ല. അവര്‍ ലഹരികള്‍ തുടര്‍ച്ചയായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. അതു കൊണ്ട് തന്നെ കച്ചവടക്കാര്‍ മുഖ്യമായും കൗമാരക്കാരെ ആശ്രയിച്ചാണ് ഇത്തരം ലഹരികള്‍ കച്ചവടം നടത്തുന്നത്. പുകയിലയില്‍ നിന്നും തുടങ്ങുന്ന ലഹരിയുടെ ഉപയോഗം പിന്നീട് മദ്യവും മയക്കുമരുന്നുമായിത്തന്നെ ജീവിതം അവസാനിക്കുന്നു.

കൗമാരക്കാര്‍ മുഖ്യമായും മോശമായ കൂട്ടുകെട്ടിലൂടെയാണ് ചതിക്കുഴിയില്‍ വീഴുന്നത്. മോശമായ കൂട്ടുകെട്ടും ഇന്‍റര്‍നെറ്റും യുവതലമുറയെ അധാര്‍മ്മിക ചിന്തയിലേക്ക് വഴുതി വീഴാന്‍ പലപ്പോഴും പ്രേരിപ്പിക്കുന്നു. നല്ലൊരു ശതമാനം ചീത്ത പ്രവണതകളുടെ ഉറവിടം മോശമായ കൂട്ടുകെട്ടുകളായിരിക്കാം. ബാല്യത്തില്‍ തന്നെ അക്രമ വാസന ഉടലെടുക്കുകയും വെറുപ്പും വിദ്വേഷവും ഇവര്‍ കൈമുതലാക്കുകയും ചെയ്യുന്നു. ഇതോടെ അവര്‍ അധോലോക കണ്ണികളാവാന്‍ പോലും കാരണമായി തീരുന്നു.
ഒരു കുട്ടിയുടെ പ്രധമ പാഠശാല വിദ്യാലയമല്ല, അവന്‍റെ വീടാണ്. വീട്ടിനുള്ളിലെ അറിവും അനുഭവങ്ങളുമായിരിക്കും അവന്‍റെ ഭാവി ജീവിതത്തെ നിര്‍ണയിക്കുന്നത്. ഇതിനു പ്രതിവിധിയായി രക്ഷിതാക്കള്‍ക്ക് ചെയ്യാനുള്ളത് വഴി തെറ്റി സഞ്ചരിക്കാന്‍ ഇടം കൊടുക്കാതിരിക്കലാണ്. ആവര്‍ നേടിയ നല്ല അറിവുകള്‍ കുട്ടികളുടെ ജീവിതത്തിലേക്ക് പകുത്ത് നല്‍കുകയും അതനുസരിച്ച് അവരില്‍ നല്ല സംസ്‌കാരം വളര്‍ത്തി എടുത്ത് രക്ഷിതാക്കള്‍ മാത്യക കാണിക്കേണ്ടതുണ്ട്.
Don't Miss
© all rights reserved and made with by pkv24live