ഊട്ടിയിലെ സര്‍ക്കാര്‍ വെടിമരുന്ന് ശാലയില്‍ സ്‌ഫോടനം; ആറുപേര്‍ക്ക് പരിക്ക്
നീലഗിരി അറുവൻകാട് കേന്ദ്രസർക്കാരിന്റെ വെടിമരുന്ന് ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. എഴുപതുശതമാനത്തോളം പൊള്ളലേറ്റ ഇവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ മറ്റ് മൂന്നുപേർ അറുവൻകാടുള്ള ഫാക്ടറി ആശുപത്രിയിൽ ചികിത്സയിലാണ്.
സൂരജ് കുമാർ (27),സർഗുണം മുരളി (48), റോബിൻ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റ ത്. ഇതിൽ സൂരജിന് 70 ശതമാനവും റോബിന് 50 ശതമാനവും പൊള്ളലേറ്റതായി അറിയുന്നു. സാരമായി പരുക്കേറ്റ നാഗരാജ്( 42), ദിനേഷ് (43), റോഷൻ(40) എന്നിവരാണ് ഫാക്ടറി ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച അർധരാത്രി 12.30-ഓടെ 747-ാം നമ്പർ കെട്ടിടത്തിൽ ഹൈഡ്രോളിക് പ്രസ്സിങ് മെഷീനിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് ആറുപേരും കെട്ടിടത്തിനകത്തായിരുന്നു.