രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാം;കടയുടമകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം
തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കു രാജ്യത്തെ ഏതു റേഷൻ കടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാകുന്ന കേന്ദ്ര പദ്ധതി കേരളത്തിലും നടപ്പാക്കും. ഇതിനായി കേന്ദ്രത്തിന്റെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (ഐഎംപിഡിഎസ്) നടപ്പാക്കാൻ സംസ്ഥാനത്ത് ഒരുക്കം തുടങ്ങി. പദ്ധതി ഈ വർഷം ആരംഭിക്കാനാണു കേന്ദ്ര തീരുമാനം. സംസ്ഥാനത്ത് ഏതു റേഷൻ കടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാകുന്ന പോർട്ടബിലിറ്റി സംവിധാനം ഇപ്പോഴുണ്ട്. ഇതു രാജ്യമാകെ വ്യാപിപ്പിക്കും. തൊഴിൽ തേടി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നവരുടെ ഭക്ഷ്യധാന്യങ്ങൾ റേഷൻ കട ഉടമകൾ കൈക്കലാക്കുന്നതു പതിവാണ്. തൊഴിൽ ചെയ്യുന്ന സംസ്ഥാനത്ത് ഇവർക്കു റേഷൻ ലഭിക്കുന്നുമില്ല. ഈ പ്രശ്നത്തിനും പുതിയ സംവിധാനം പരിഹാരമാകും. കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് റേഷൻ കടകളിൽ നിന്നു ധാന്യങ്ങൾ ലഭിച്ചു തുടങ്ങുന്നതോടെ, റേഷൻ കടകളും കൂടുതൽ സജീവമാകും. സംസ്ഥാന അതിർത്തികളിൽ 2 സംസ്ഥാനത്തും റേഷൻ കാർഡ് ഉള്ളവരുണ്ട്. ഐഎംപിഡിഎസ് നടപ്പായാൽ ഒരു റേഷൻ കടയിൽ നിന്നു ധാന്യങ്ങൾ വാങ്ങുന്നവർക്കു രാജ്യത്തെ മറ്റൊരിടത്തു നിന്നും റേഷൻ സാധനം ലഭിക്കില്ല. രണ്ടാമത്തെ കാർഡ് സ്വാഭാവികമായി റദ്ദാകും.
തുടർച്ചയായി റേഷൻ വാങ്ങാത്തവർക്കു ഭാവിയിൽ ഭക്ഷ്യധാന്യം നൽകില്ലെന്ന തീരുമാനം ഉടൻ നടപ്പാക്കണമെന്നു കേരളത്തോടു കേന്ദ്രം ആവശ്യപ്പെട്ടു. 3 മാസം വരെ ഭക്ഷ്യധാന്യം വാങ്ങാത്തവരെ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവായിട്ടില്ല. 86 ലക്ഷം കാർഡ് ഉടമകളിൽ 15 % ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ല. ഇവരിൽ ഏറെയും അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണന വിഭാഗക്കാരാണ്.