ലോകകപ്പ്: ഇന്ത്യ x അഫ്ഗാൻ മത്സരം ഇന്ന്
സതാംപ്ടൺ: ടീം ഇന്ത്യ ഫോമിലാണ്, ലോകത്തെ ഏതു ടീമിെനയും തോൽപിക്കാനുള്ള ശക്തിയും ആത്മവിശ്വാസവും വേണ്ടുവോളമുണ്ട്. കഴിഞ്ഞ കളികൾ അത് അടിവരയിടുന്നുമുണ്ട്. എന്നാൽ, നാലാം ജയം തേടി ശനിയാഴ്ച അഫ്ഗാനെതിരെ ഇറങ്ങുേമ്പാൾ പരിക്ക് തലവേദനയാകുന്നു. പകരംവെക്കാൻ ടീമിൽ പ്രതിഭകൾ ഏറെയുണ്ടെങ്കിലും ഒരു താളപ്പിഴ വന്നാൽ കനത്ത വിലയൊടുക്കേണ്ടിവന്നേക്കാം.
ഒാപണർ ശിഖർ ധവാൻ പരിക്കേറ്റ് ടീമിൽനിന്നുതന്നെ പുറത്തായി. പേസർ ഭുവനേശ്വർ കുമാർ പേശീവേദനമൂലം ബെഞ്ചിലായി. ഏറ്റവും ഒടുവിൽ ഒാൾറൗണ്ടർ വിജയ് ശങ്കറും പരിക്കിെൻറ പിടിയിലാണ്. ശനിയാഴ്ച മത്സരത്തിനിറങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ധവാനുപകരം ഋഷഭ് പന്തിനെ ഉൾപ്പെടുത്തി ടീം പുനഃസംഘടിപ്പിച്ചെങ്കിലും ഭുവനേശ്വറിെൻറ കാര്യത്തിൽ തീരുമാനമായിട്ടില്ല.
അഫ്ഗാൻ വെല്ലുവിളിയാകില്ല
ടൂർണമെൻറിൽ കളിച്ച അഞ്ചിലും പരാജയപ്പെട്ട അഫ്ഗാൻ ഇന്ത്യക്ക് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല. സ്പിൻ ബൗളർമാരാണ് അഫ്ഗാൻ ടീമിെൻറ കരുത്ത്. അവരെ മുൻനിർത്തിയാണ് ഈ ലോകകപ്പിലേക്ക് അവർ വിമാനം കയറിയതും. എന്നാൽ, ലോക റാങ്കിങ്ങിൽ മുൻനിരയിലുള്ള റാഷിദ്ഖാനുൾപ്പെടെയുള്ള ബൗളർമാർ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തതോടെ അഫ്ഗാെൻറ കാര്യം പരുങ്ങലിലായി. ഇംഗ്ലണ്ടിനെതിരെ റാഷിദ്ഖാൻ ഒമ്പത് ഒാവറിൽ 110 റൺസ് വിട്ടുകൊടുത്ത് വിക്കറ്റൊന്നുമെടുത്തില്ല.
നായകനും ബൗളിങ് ഒാൾറൗണ്ടറുമായ ഗുൽബദിൻ നെയ്ബിെൻറ ശരാശരി പ്രകടനം മാറ്റിനിർത്തിയാൽ കളിക്കാരാരും സ്ഥിരത പുലർത്തുന്നില്ല. മറുവശത്ത് ഇന്ത്യൻ ടീമിൽ എല്ലാവരും മികച്ച ഫോമിലാണ്. ഒാപണർ രോഹിത് ശർമ മൂന്ന് ഇന്നിങ്സുകളിൽനിന്ന് രണ്ടു സെഞ്ച്വറി ഉൾപ്പെടെ 319 റൺസെടുത്ത് റൺവേട്ടയിൽ മുൻനിരയിലുണ്ട്. ധവാെൻറ അഭാവത്തിൽ സ്ഥാനക്കയറ്റം ലഭിച്ച ലോകേഷ് രാഹുൽ അവസരത്തിനൊത്തുയർന്ന് പാകിസ്താനെതിരെ അർധ സെഞ്ച്വറി കുറിച്ചു. നായകൻ വിരാട് കോഹ്ലി രണ്ട് അർധ സെഞ്ച്വറി ഉൾപ്പെടെ 177 റൺസെടുത്ത് ടീമിന് ശക്തമായ അടിത്തറയേകുന്നു. ആൾറൗണ്ടർ ഹർദിക് പാണ്ഡ്യ മികച്ച ഫോമിലാണ്.
അഞ്ചാമനായി ഇറങ്ങുന്ന കേദാർ ജാദവിന് മതിയായ അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് പ്രകടനത്തെ വിലയിരുത്താനായിട്ടില്ല. അഫ്ഗാനെതിരായ മത്സരത്തിൽ സ്ഥാനക്കയറ്റം നൽകിയേക്കുമെന്ന് ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബൗളിങ്ങിൽ പരിക്കേറ്റ് ഭുവനേശ്വറിെൻറ അഭാവം നിഴലിക്കുമെങ്കിലും മുഹമ്മദ് ഷമി തിരിച്ചെത്തുന്നതോടെ പ്രശ്നം പരിഹരിക്കാനാകും. പേസർ ജസ്പ്രിത് ബുംറ തന്നെയാണ് മറ്റൊരായുധം. കുൽദീപ് യാദവ് പാക് ടീമിെനതിരെ മികച്ച പ്രകടനം പുറത്തെടുത്തതും പ്രതീക്ഷയേകുന്നു. ടൂർണമെൻറിലെ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യുസ്വേന്ദ്ര ചഹൽ നാല് വിക്കറ്റെടുത്തത് ഇതേ ഗ്രൗണ്ടിലാണ്.
പിച്ച് റിപ്പോർട്ട്
സതാംപ്ടണിലെ റോസ് ബൗൾ മൈതാനം പൊതുവെ ബാറ്റിങ് അനുകൂല പിച്ചാണ്. രണ്ടു ദിവസമായി മഴയില്ല. ശനിയാഴ്ചയും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. അത് സ്പിൻ ബൗളർമാർക്ക് ഗുണമാകുമെന്നാണ് വിലയിരുത്തൽ.
ടീം ഇവരിൽ നിന്ന്
ഇന്ത്യ
വിരാട് കോഹ്ലി (ക്യാപ്്റ്റൻ), രോഹിത് ശർമ, കെ.എൽ.രാഹുൽ, വിജയ് ശങ്കർ, ഹർദിക് പാണ്ഡ്യ, എം.എസ്.ധോണി, കേദാർ ജാദവ്, കുൽദീപ് യാദവ്, യുശ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ.
അഫ്ഗാൻ
ഗുൽബാദിൻ നെയ്ബ് (ക്യാപ്്റ്റൻ), ആഫ്താബ് ആലം, ഹസ്രത്തുള്ള സസായ്, അസ്ഗർ അഫ്ഗാൻ, റാഷിദ്ഖാൻ, മുഹമ്മദ് നബി, മുജീബ് റഹ്മാൻ, ദൗലത്ത് സദ്്റാൻ, നജീബുള്ള സദ്്റാൻ, ഹാമിദ് ഹസൻ, ഹഷ്്മത്തുള്ള ഷാഹിദി, സമീഉള്ള ഷിൻവാരി, റഹ്മത്ത് ഷാ, നൂർ അലി സദ്്റാൻ, ഇക്റാം അലി ഖിൽ.