പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കാൻ നീക്കം
ഉയർന്ന തുകയുടെ കൈമാറ്റത്തിൽ ആധാർ നമ്പർ തെറ്റായി രേഖപ്പെടുത്തിയാൽ 10,000 പിഴ ഈടാക്കാൻ നീക്കം. സെപ്റ്റംബർ ഒന്നുമുതൽ തീരുമാനം നടപ്പിലാകുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനാവശ്യമായ നിയമ ഭേദഗതികൾ ഉടൻ കേന്ദ്രസർക്കാർ കൊണ്ടുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന തുകയുടെ കൈമാറ്റത്തിന് പാൻ നമ്പർ നിലവിൽ നിർബന്ധമാണ്. എന്നാൽ പാൻ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് ഇതിന് പകരം ആധാർ നമ്പർ രേഖപ്പെടുത്താമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് പാൻ നമ്പറിന് പകരം വേണമെങ്കിൽ ആധാർ നമ്പർ ഉപയോഗിക്കാമെന്നും ബജറ്റിൽ പറഞ്ഞിരുന്നു.
ഇതുപ്രകാരം ഐടി ആക്ടിലെ 272ബി, 139എ എന്നീ വകുപ്പുകൾ കേന്ദ്രം ഭേദഗതി ചെയ്യും. നിലവിൽ 120 കോടി ആളുകൾക്ക് ആധാർ നമ്പറുണ്ട്. എന്നാൽ പാൻകാർഡ് ഉള്ളവർ 41 കോടി മാത്രമാണ്. ഇതിൽ 22 കോടി ആളുകളുടെ പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.