ഈ വർഷത്തെഹജ്ജ് സർവീസുകൾക്ക് സമാപനം: കേരളത്തിൽ നിന്നും 13829 തീർത്ഥാടകർ
കൊണ്ടോട്ടി: കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹജ്ജ് വിമാന സര്‍വിസുകള്‍ക്ക് സമാപനം.
ഇന്നലെ നാലുവിമാനങ്ങളിലായി 1161 തീര്‍ത്ഥാടകരാണ് കരിപ്പൂരില്‍നിന്ന് അവസാന ഹജ്ജ് സംഘത്തില്‍ യാത്രയായത്. ഇതോടെയാണ് ഈവര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ക്കും ഹജ്ജ് ക്യംപിനും സമാപനമായത്.
കേരളത്തില്‍നിന്ന് ഈവര്‍ഷം കരിപ്പൂര്‍, നെടുമ്പാശേരി എന്നിവിടങ്ങളില്‍നിന്ന് യാത്രയായത് 20 കുട്ടികള്‍ ഉള്‍പ്പടെ 13,829 തീര്‍ത്ഥാടകരാണ്.
കരിപ്പൂരില്‍ നിന്ന് 4431 പുരുഷന്മാരും 6628 സ്ത്രീകളും ഉള്‍പ്പടെ 11059 പേരാണ് ഹജ്ജിന് പോയത്.
ഇവരില്‍ 24 പേര്‍ മാഹിയില്‍നിന്നുള്ളവരാണ്. നെടുമ്പാശേരിയില്‍നിന്ന് 1200 പുരുഷന്മാരും 1550 സ്ത്രീകളുമടക്കം 2750 പേരാണ് ഹജ്ജിന് പോയത്. ഇവരില്‍ 330 പേര്‍ ലക്ഷദ്വീപില്‍നിന്നുള്ളവരാണ്.
കരിപ്പൂരില്‍നിന്ന് പതിനെട്ടും നെടുമ്പാശേരിയില്‍ രണ്ടും കുട്ടികള്‍ തീര്‍ത്ഥാടക സംഘത്തിലുണ്ട്. സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിനു പോകുന്നത് ഈവര്‍ഷമാണ്.
ഹജ്ജ് ക്വാട്ടയിലെ വര്‍ധനവും ഇതര സംസ്ഥാനങ്ങളില്‍ കൂടുതല്‍ പേര്‍ യാത്ര റദ്ദാക്കിയതുമാണ് ഇത്രയും അവസരംകിട്ടിയത്.
കരിപ്പൂരില്‍നിന്ന് സഊദി എയര്‍ലൈന്‍സ് 37 ഉം നെടുമ്പാശേരിയില്‍നിന്ന് എയര്‍ഇന്ത്യ എട്ടും സര്‍വിസുകളാണ് ഈവര്‍ഷം ഹജ്ജിനായി നടത്തിയത്. രണ്ടിടങ്ങളിലും താളപ്പിഴകളില്ലാതെ സര്‍വിസ് നടത്താന്‍ വിമാന കമ്പനികള്‍ക്ക് കഴിഞ്ഞതാണ് ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരുന്നത്. ദിവസേന ഒന്നിലധികം സര്‍വിസുകളാണ് വിമാന കമ്പനികള്‍ നടത്തിയത്.
ഇവര്‍ക്ക് ആവശ്യമായ സംസം തീര്‍ഥജലവും രണ്ട് വിമാനത്താവളങ്ങളിലും വിമാന കമ്പനികള്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്.
മദീനയിലേക്ക് പുറപ്പെട്ട ഹജ്ജ് വിമാനങ്ങളുടെ മടക്ക യാത്ര ഓഗസ്റ്റ് 18 മുതല്‍ ജിദ്ദയില്‍നിന്നാരംഭിക്കും.
ആദ്യം ഹജ്ജിന് പുറപ്പെട്ട സംഘങ്ങളാണ് ആദ്യ വിമാനങ്ങളിലായി മടങ്ങിയെത്തുക. സെപ്തംബര്‍ മൂന്നിന് ഹജ്ജ് മടക്ക സര്‍വിസുകളും സമാപിക്കും.