മഴ കനക്കുമെന്ന് പ്രവചനം: 15 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ല
തിരുവനന്തപുരം: അണക്കെട്ടുകളിൽ വെള്ളം കുറവാണെങ്കിലും 15 വരെ കേരളത്തിൽ ലോഡ്ഷെഡ്ഡിങ്ങിന് സാധ്യതയില്ല. വരുംദിവസങ്ങളിലും 15-നുശേഷവും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതുവരെ കാത്തശേഷം ആവശ്യമെങ്കിൽ ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്താനാണ് വൈദ്യുതിബോർഡിന്റെ തീരുമാനം.
വൈദ്യുതി ഉത്പാദനത്തിന്റെയും ലഭ്യതയുടെയും നില വിലയിരുത്താൻ വ്യാഴാഴ്ച ബോർഡ് ചേരും.
15 വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരില്ലെന്ന് ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഇപ്പോൾ 7.6 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഒരുദിവസം വേണ്ടത്. ഇതിൽ 1.2 കോടി യൂണിറ്റ് മാത്രമാണ് ഇവിടെ ഉത്‌പാദിപ്പിക്കുന്നത്. 15 വരെ ഈ നില തുടരും. അതിനുശേഷവും മഴ വേണ്ടപോലെ കിട്ടിയില്ലെങ്കിൽ ജലവൈദ്യുതി ഉത്പാദനം കുറയ്ക്കും.
പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കേണ്ടിവരും. ഇതിന് മതിയായ ലൈൻ സൗകര്യമില്ല. അങ്ങനെവന്നാൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടിവരും. അണക്കെട്ടുകളിൽ ഇനി 43.5 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേയുള്ളൂ.
വെള്ളിയാഴ്ചമുതൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിലും വെള്ളിയാഴ്ച എറണാകളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ മഴ കുറയാൻ സാധ്യതയുണ്ട്. അതിനുശേഷം 15 മുതൽ ശക്തമായേക്കും.