അതിവേഗ വളര്‍ച്ചയുള്ള നഗരങ്ങളില്‍ രാജ്യത്ത് കോഴിക്കോട് മുന്നില്‍, ഇതുവരെയുണ്ടായത് 18.1ശതമാനം വളര്‍ച്ച
രാജ്യത്ത് അതിവേഗവളർച്ചയുള്ള നഗരങ്ങളിൽ മുന്നിലെത്തിയ കോഴിക്കോട് 23 വർഷംകൊണ്ട് നേടിയത് 44 മടങ്ങ് വളർച്ച. 1991-ൽ 535 ഹെക്ടറായിരുന്നു സമീപപ്രദേശങ്ങളിലേക്കുള്ള നഗരത്തിന്റെ വളർച്ച. എന്നാൽ 2014 ആയപ്പോഴേക്കും അത് 23,642 ഹെക്ടറിലേക്കെത്തിയെന്ന് യു.എ ൻഹാബിറ്റാറ്റ്, ലിങ്കൺ ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂയോർക്ക് സർവകലാശാലയും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 18.1 ശതമാനം വളർച്ചയാണ് ഇത്രയും വർഷംകൊണ്ട് നഗരവത്കരണത്തിലുണ്ടായത്. നഗരത്തിലുള്ളവർ തൊട്ടടുത്ത പ്രദേശങ്ങൾ താമസത്തിനായി തിരഞ്ഞെടുക്കുന്നതുകൊണ്ട് പാർപ്പിടങ്ങളും ജനസംഖ്യയും തമ്മിലുളള അനുപാതത്തിലും വലിയ അന്തരമുണ്ടായിട്ടുണ്ട്. 935.68 പേർക്ക് ഒരു ഹെക്ടർ എന്നായിരുന്നു 1991ലെ ബിൽഡപ്പ് ഏരിയയുടെ (നിർമിത വിസ്തൃതി)തോത്. എന്നാൽ 2014 ആവുമ്പോഴേക്കും അത് 104 പേർക്ക് ഒരു ഹെക്ടർ എന്നതിലേക്ക് ചുരുങ്ങി. 2001-നും 2014-നും ഇടയിൽ 9,569 ഹെക്ടർ ബിൽഡപ്പ് ഏരിയയാണ് നഗരവത്കരണത്തിന്റെ ഭാഗമായത്.
ജനസംഖ്യയുടെ കാര്യത്തിലും അഭൂതപൂർവമായ വളർച്ചയുണ്ടായിട്ടുണ്ട്. 1991-ലെ ഫെബ്രുവരിയിലെ കണക്കുപ്രകാരം 202,611 ആയിരുന്നു നഗരത്തിലെ ജനസംഖ്യ. 2001ആയപ്പോഴേക്കും അത് 440,243-ലും പിന്നീട് 2014-ൽ എത്തിയപ്പോൾ 1,171,852-ലും എത്തി. 7.6 ശതമാനം വീതമാണ് നഗരജനസംഖ്യ കൂടിയത്. നഗരവളർച്ചയോടൊപ്പംതന്നെ സമീപത്തെ ഒഴിഞ്ഞപ്രദേശങ്ങൾ കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.