2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന് നടക്കും, അടുത്ത സമ്പൂര്‍ണ ഗ്രഹണം 2021 ൽ
ഈവർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഇന്ത്യയിൽ ഭാഗികമായി മാത്രമേ ഗ്രഹണം ദർശിക്കാനാവു. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദർശിക്കാം. ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഇന്ത്യയിൽ നിന്ന് വീക്ഷിക്കാം. എന്നാൽ അരുണാചൽ പ്രദേശിന്റെ കിഴക്കുഭാഗത്ത് താമസിക്കുന്നവർക്ക് ഗ്രഹണം കാണാനുള്ള സാധ്യത കുറവാണ്. പുലർച്ചെ മൂന്നുമണിയോടെ ചന്ദ്രൻ പൂർണമായും ഗ്രഹണത്തിന്റെ പിടിയിലാകും.
രാത്രി 12.13 മുതലാണ് ഇന്ത്യക്കാർക്ക് ഗ്രഹണം കാണാൻ സാധിക്കുക. 1.31 വരെ കാത്തിരുന്നാൽ ചന്ദ്രൻ ഭാഗികമായി ഗ്രഹണത്തിന്റെ പിടിയിലാകുന്നത് കാണാൻ സാധിക്കും. മൂന്ന് മണിയോടെ ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ ആകും. ഗ്രഹണത്തിൽ നിന്ന് ചന്ദ്രൻ പുറത്തുവരുന്നത് ബുധനാഴ്ച പുലർച്ചെ 5.47 നാകും.
149 വർഷത്തിന് ശേഷം ഗുരുപൂർണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യകതയുമിതിനുണ്ട്. നഗ്നനേത്രങ്ങൾകൊണ്ട് സുരക്ഷിതമായി വീക്ഷിക്കാൻ സാധിക്കുന്നതാണ് ചന്ദ്രഗ്രഹണം. ഇനി അടുത്ത പൂർണ ചന്ദ്രഗ്രഹണം 2021 മെയ് 26 നാണ് നമുക്ക് കാണാൻ സാധിക്കുക. ചന്ദ്രന്റെയും സൂര്യന്റെയും ഇടയിൽ ഭൂമി വരുന്ന സാഹചര്യത്തിൽ. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതുകൊണ്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.