ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാൻ-2 വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് ഉച്ചക്ക് 2.43നാണ് ചന്ദ്രയാൻ-രണ്ട് കുതിച്ച് ഉയർന്നത്.
ജൂലൈ15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നായിരുന്നു വിക്ഷേപണം മാറ്റിയിരുന്നു.
ചാന്ദ്രദിവസത്തിന്റെ ആരംഭം കണക്കാക്കിയാണ് 15ന് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിന്റെ വേഗവും ഭ്രമണപഥയാത്രയും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനു തന്നെ ചന്ദ്രനിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ ഇപ്പോൾ.
വിക്ഷേപണ ശേഷം ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നു പുറത്തെത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്താൻ വേണ്ടത് 22 ദിവസമാണ്. ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 28 ദിവസത്തെ സമയക്രമം വെട്ടിക്കുറയ്ക്കാനാണു ശ്രമം. 53 ദിവസം കണക്കാക്കിയിരുന്ന യാത്ര 47 ദിവസമായി ചുരുക്കും. 47 ദിവസം കൊണ്ട് 3,844 ലക്ഷം കിലോമീറ്ററാണ് ചന്ദ്രയാൻ 2 സഞ്ചരിക്കുക.
ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്എൽവി മാർക്ക് 3 എന്ന റോക്കറ്റിലേറി, ആരും കടന്നു ചെല്ലാത്ത ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ തേടിയാണ് ഈ യാത്ര. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, പര്യവേക്ഷണം നടത്തുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാൻഡർ എന്നിവയാണ് 3850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ രണ്ടിലുള്ളത്.
സെപ്റ്റംബർ ആറിന് ഉപഗ്രഹത്തെ ചന്ദ്രനിലിറക്കാനാണ് ഇസ്രോയുടെ പദ്ധതി. റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള അവസാന 15 മിനിറ്റാണ് ഏറെ നിർണായകം. ഭുവനേശ്വറിലെ സർക്കാർ സ്ഥാപനമായ സെൻട്രൽ ടൂണ്‍ഡ റൂം ആൻഡ് ട്രെയിനിംഗ് സെൻററിൽ (സിടിടിസി ) ആണ് ഉപഗ്രഹത്തിൻറെ നിർമിതികൾ രൂപപ്പെടുത്തിയത്.
പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന റോവർ അഥവാ പ്രഗ്യാൻ, ക്രയോജനിക് എൻജിനിലെ ഫ്യൂവൽ ഇഞ്ചക്ഷനുവേണ്ടിയുള്ള 22 തരം വാൽവുകൾ, വിക്ഷേപണവേളയിൽ ഇന്ധനം കത്തുന്നതിനു സഹായകമായ സാമഗ്രികൾ എന്നി വ കൂടാതെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്ററിലെ ഏഴു തലത്തിലുള്ള കൂട്ടിച്ചേർക്കലുകളും ഇവിടെയാണു നിർവഹിച്ചത്. വിക്ഷേപണത്തിലൂടെ ചരിത്രനേട്ടാണ് ഇന്ത്യ കൈവരിച്ചത്