ആലുവയില്‍ വന്‍ കവര്‍ച്ച: വളര്‍ത്തുനായയെ മയക്കിയിട്ട് 30 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവർന്നു
കൊച്ചി: ആലുവയില്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 30 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും പണവും കവര്‍ന്നു. ആലുവ തോട്ടക്കാട്ടുകര കോണ്‍വന്റിന് സമീപം പൂണേലില്‍ ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വളര്‍ത്തുനായയെ മയക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങള്‍, യൂറോയും ഡോളറുകളുമടക്കം 30 ലക്ഷം ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്തത്. മുറിയിലെ മര അലമാര തകര്‍ത്ത് ലോക്കര്‍ പൊളിച്ചാണ് ആഭരണങ്ങള്‍ എടുത്തത്.
വിദേശത്തായിരുന്ന വീട്ടുകാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആഭരണങ്ങള്‍ ബാങ്കില്‍ നിന്നെടുത്തത്. ഫോറന്‍സിക് വിദഗ്ദരും പോലീസും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഇന്നലെ വൈകിട്ട് 6.30 ക്കും 11:30 ക്കുമിടക്കാണ് കവര്‍ച്ച നടന്നത്. ജോര്‍ജ് മാത്യുവും കുടുംബവും എറണാകുളത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത് രാത്രി 11.30 യോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.