മഴയിൽ മുങ്ങി മുംബൈ; 35 മരണം
കഴിഞ്ഞ അഞ്ചു ദിവസമായി പെയ്യുന്ന മഴയിൽ കനത്ത നാശം. 35 പേർ മരിച്ചു. പലയിടത്തും റെയിൽപ്പാളങ്ങൾ മുങ്ങി. തീവണ്ടി ഗതാഗതം നിലച്ചു. ദീർഘദൂരവണ്ടികൾ വഴിയിൽ നിർത്തിയിട്ടു. 1975-ന് ശേഷം മുംബൈയിൽ പെയ്ത കനത്തമഴയാണ് ഇത്. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ് പുണെയിൽനിന്ന് തിരിച്ചുവിട്ടു. ദീർഘദൂരവണ്ടികൾ പലതും മുംബൈയിലേക്ക് എത്താതെ നഗരത്തിനുപുറത്ത് പല സ്റ്റേഷനുകളിലായി നിർത്തിയിട്ടു.
അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേകൾ ഉച്ചവരെ അടച്ചിട്ടു. 52 വിമാനങ്ങൾ റദ്ദാക്കി. 54 എണ്ണം വഴിതിരിച്ചു വിട്ടു.
കണ്ണൂരിൽനിന്നു മുംബൈയിലേക്കുള്ള വിമാനം ബെംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. പലഭാഗത്തും വെള്ളം കയറിയതോടെ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.
പലയിടത്തും പ്രളയസമാനം
മലാഡിലെ കുറാർ ഗ്രാമത്തിൽ മതിലിടിഞ്ഞ് 20 പേർ മരിച്ചു
റോഡിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ കുടുങ്ങി രണ്ടുപേർക്ക് ജീവൻ നഷ്ടമായി
കല്യാണിൽ സ്കൂൾ മതിൽ വീടിനുമുകളിൽ പതിച്ച് മൂന്നുപേർ മരിച്ചു
പുണെയിൽ കോളേജിന്റെ മതിലിടിഞ്ഞ് ആറുപേരും നാസിക്കിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്നുപേരും മരിച്ചു