കാറിന് 5000, പുതുക്കാന്‍ 10000; വാഹന രജിസ്ട്രേഷന് ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നു
രാജ്യത്തെ വാഹന രജിസ്ട്രേഷൻ ചാർജ് കുത്തനെ ഉയർത്തുന്നു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പെട്രോൾ-ഡീസൽ കാറുകൾക്ക് രജിസ്ട്രേഷൻ ചാർജ് 5000 രൂപ ആക്കി ഉയർത്തും. രജിസട്രേഷൻ പുതുക്കാൻ 10000 രൂപയും. നിലവിൽ ഇത് രണ്ടിനും 600 രൂപ മാത്രമാണ് ചാർജ് ഈടാക്കിയിരുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് നേരത്തെ 50 രൂപയുണ്ടായിരുന്ന രജിസ്ട്രേഷൻ ചാർജ് പുതിയ വാഹനങ്ങൾക്ക് 1000 രൂപയാക്കിയും പഴയത് പുതുക്കാൻ 2000 രൂപയാക്കിയും ഉയർത്താനാണ് കരട് വിജ്ഞാപനത്തിൽ നിർദ്ദേശമുള്ളത്. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നീക്കം. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിവാക്കാനും പെട്രോൾ-ഡീസൽ വാഹന വിൽപന കുറയ്ക്കാനുമാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്. കാർ, ഇരുചക്ര വാഹനങ്ങൾക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്ട്രേഷൻ ചാർജുംഉയർത്താൻ നിർദ്ദേശമുണ്ട്. പുതിയ കാബുകൾക്ക് 10000 രൂപയും പുതുക്കാൻ 20000 രൂപയും ഈടാക്കും. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്ട്രേഷൻ ചാർജ് 5000 രൂപയിൽ നിന്ന് 40,000 ആക്കി ഉയർത്താനാണ് തീരുമാനം. ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് 20000 രൂപയും അടയ്ക്കേണ്ടി വരും, നിലവിൽ ഇത് 2500 രൂപയാണ്. കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത 40-45 ദിവസങ്ങൾക്കുള്ളിൽ അന്തിമ ഫീസ് ഘടന രൂപപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന വിൽപന പ്രോത്സാഹിപ്പിക്കാൻ ഇലക്ട്രിക്കിന്റെ രജിസ്ട്രേഷൻ ചാർജ് കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ കരട് വിജ്ഞാപനം നേരത്തെ ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. പഴയ വാഹനങ്ങൾ പൊളിച്ച ശേഷം പുതിയ ഇലക്ട്രിക് കാർ വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ ചാർജിൽ ഇളവ് നൽകുന്നതടക്കമുള്ളനിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നു.