ദേശീയപാതയ്ക്ക് കേരളത്തിന്റെ സംഭാവന 5374 കോടി
ദേശീയപാതാവികസനത്തിന് സ്ഥലമേറ്റെടുക്കാൻ 5374 കോടി രൂപ നൽകാൻ സംസ്ഥാന ധനവകുപ്പ് തീരുമാനിച്ചു.
കേരള അടിസ്ഥാനസൗകര്യ വികസനനിധി (കിഫ്ബി) ഈ പണം ദേശീയപാതാ അതോറിറ്റിക്കു നൽകും. ഇതോടെ, ദേശീയപാതാവികസനത്തിന് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി.
45 മീറ്റർ വീതിയിൽ 600 കിലോമീറ്റർ നീളത്തിൽ നാലുവരിയായാണ് ദേശീയപാത വികസിപ്പിക്കുന്നത്. 44,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിൽ, സ്ഥലമേറ്റെടുക്കാൻ 21,496 കോടി രൂപ വേണം. കേരളത്തിലെ ഭൂമിവില മറ്റു സംസ്ഥാനങ്ങളിലേതിനെക്കാൾ പതിന്മടങ്ങ് കൂടുതലായതിനാൽ ഇതിന്റെ നാലിലൊന്ന് കേരളം വഹിക്കണമെന്ന് കേന്ദ്രവും ദേശീയപാതാ അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു.
ഇതായിരുന്നു അവരുടെ പ്രധാന വ്യവസ്ഥ.ഇത് അംഗീകരിച്ചാണ് കിഫ്ബിവഴി 5374 കോടി നൽകാൻ ധനവകുപ്പ് തയ്യാറായത്.
കിഫ്ബി ഡയറക്ടർ ബോർഡിന്റെ അടുത്ത യോഗം ഇത് അന്തിമമായി അംഗീകരിക്കും. പണം എത്രയുംവേഗം കൈമാറുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.