രത്നഗിരിയിൽ അണക്കെട്ട് തകര്‍ന്ന് 8 മരണം, 16 പേരെ കാണാതായി; 12 വീടുകള്‍ ഒലിച്ചു പോയി
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ തിവാരി അണക്കെട്ട് തകർന്ന് 12 വീടുകൾ ഒലിച്ചു പോയി. എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 16 പേരെ കാണാതായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
പ്രളയ സമാനമായ അന്തരീക്ഷമാണ് രത്നഗിരിയിൽ. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് കനത്തമഴയിൽ അണക്കെട്ട് തകരുന്നത്. ഏഴ് ഗ്രാമങ്ങളിലേക്കാണ് അണക്കെട്ടിലെ വെള്ളം ഇരച്ചു കയറിയത്.രത്നഗിരി ജില്ലയിലെ ചിപ്ലുൻ താലൂക്കിലെ 12 ഓളം വീടുകൾ ഒലിച്ചു പോയി. 16 പേരെയാണ് കാണാതായത്. കൂടുതൽ ആളുകൾ കുത്തൊഴുക്കിൽപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത. ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ അണക്കെട്ടിന് വിള്ളലുകൾ വീണിരുന്നു. എന്നാൽ വേണ്ടത്ര ജാഗ്രത നിർദേശം ജനങ്ങൾക്ക് നൽകിയിരുന്നില്ല.
കഴിഞ്ഞ അഞ്ചു ദിവസമായി പെയ്യുന്ന മഴയിൽ കനത്ത നാശമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. ഇതുവരെ 37 പേരാണ് മരിച്ചത്.