Peruvayal News

Peruvayal News

പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു.

പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. 


വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 

ആറ്റിക്കുറുക്കിയ വരികളിൽ, ഒട്ടും ധാരാളിത്തമില്ലാതെ കവിതകളെഴുതി ആറ്റൂർ രവിവർമ്മ. തൃശ്ശൂരിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27-ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂർ രവിവർമ്മ ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തരബിരുദം നേടിയ ആറ്റൂർ പിന്നീട് അധ്യാപകനായി. വിവിധ കോളേജുകളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം തൃശ്ശൂരിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 

തമിഴിൽ നിന്നടക്കം നിരവധി കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. സുന്ദര രാമസ്വാമിയുടേത് മുതൽ തമിഴിലെ പുതുതലമുറ കഥാകാരി രാജാത്തി സൽമയുടെ കൃതികൾ വരെ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി. 

സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു അദ്ദേഹം. 1996-ൽ 'ആറ്റൂർ രവിവർമ്മയുടെ കവിതകൾ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

''സഹ്യനേക്കാൾ തലപ്പൊക്കവും നിളയേക്കാളുമാർദ്രതയുമുള്ള'' കവിതകളുടെ ''മേഘരൂപ''നെന്ന് ആറ്റൂർ എഴുതിയത് കുഞ്ഞിരാമൻ നായരെക്കുറിച്ചാണെങ്കിലും കവിയ്ക്കും ചേരുമായിരുന്നു അത്. അമ്പത്തഞ്ചുവര്‍ഷം നീളുന്ന കാവ്യസപര്യയില്‍ അദ്ദേഹം എഴുതിയത് ഏതാണ്ട് നൂറ്റിനാല്‍പതോളം കവിതകള്‍ മാത്രമാണ്.



Don't Miss
© all rights reserved and made with by pkv24live