ചാംപ്യൻസ് ബോട്ട് ലീഗ്: 9 ക്ലബുകളും വള്ളങ്ങളും തുഴക്കാരും കരാറിൽ.
ആലപ്പുഴ ∙ ചാംപ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) അർഹത നേടിയ 9 ക്ലബുകളും അവരുടെ വള്ളങ്ങളും തുഴക്കാരും തമ്മിൽ കരാർ ഒപ്പുവച്ചു. ഇനി സിബിഎൽ സംഘാടകരായ കമ്പനിയുമായി കരാർ ഒപ്പുവയ്ക്കും. അതിനു ശേഷം ക്ലബുകളെ സ്പോൺസർ ചെയ്യാൻ മുന്നോട്ടുവരുന്ന കമ്പനികളെ തിരഞ്ഞെടുക്കാൻ ലേലം നടക്കും.
സ്പോൺസർ ചെയ്യുന്ന കമ്പനികളെ ഫ്രാഞ്ചൈസി എന്നാണു വിളിക്കുക. ക്ലബുകൾക്ക് മത്സരങ്ങളിൽ നിന്നു ലഭിക്കുന്ന ബോണസും മറ്റും കഴിഞ്ഞ് വള്ളങ്ങൾക്കും തുഴക്കാർക്കും േവണ്ടി വരുന്ന ചെലവ് ഫ്രാഞ്ചൈസികളാണു വഹിക്കുക. 29 ന് കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിലാണ് ലേലം നടക്കുക. 9 ക്ലബുകളും ഫ്രാഞ്ചൈസി ആകാൻ ലേലത്തിനു വന്നിട്ടുള്ള കമ്പനികളുടെ സാന്നിധ്യത്തിൽ ക്ലബിനെയും വള്ളത്തെയും കുറിച്ച് അവതരണം നടത്തും. തുടർന്ന് ലേലം. ആദ്യ റൗണ്ടിൽ 1.5 കോടി രൂപയാണ് അടിസ്ഥാന ഫീസ് ആയി നിശ്ചയിച്ചിട്ടുള്ളത്.
സിബിഎല്ലിനായി ഹീറ്റ്സിൽ മാറ്റം
നെഹ്റു ട്രോഫി ജലോത്സവം സാധാരണ നടക്കുന്നതു പോലെയായിരിക്കുമെങ്കിലും ആദ്യത്തെ മൂന്നു ഹീറ്റ്സിലായി സിബിഎല്ലിൽ പങ്കെടുക്കുന്ന 9 വള്ളങ്ങളും മത്സരിക്കും. ആദ്യത്തെ രണ്ട് ഹീറ്റ്സിൽ 8 വള്ളങ്ങളും മൂന്നാം ഹീറ്റ്സിൽ നെഹ്റു ട്രോഫിയിലെ മറ്റു ചുണ്ടൻ വള്ളങ്ങൾക്കൊപ്പം സിബിഎല്ലിലെ 9–ാം വള്ളവും. വൈകിട്ട് 4 മുതൽ സിബിഎൽ ഫൈനൽ. അഞ്ചിന് സിബിഎല്‍ മത്സരങ്ങൾ സമാപിക്കും. കരാർ ഒപ്പുവച്ചിട്ടുള്ള ദേശീയ, രാജ്യാന്തര സ്പോർട്സ് ചാനലുകളിൽ വൈകിട്ട് 4– 5 മണി വരെ ലൈവ് ആയി സിബിഎൽ മത്സരം ടെലികാസ്റ്റ് ചെയ്യും.