ഷമിയുടെ വിസ നിഷേധിച്ച് അമേരിക്ക,രക്ഷയ്ക്കെത്തി ബിസിസിഐ
ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് അമേരിക്ക വിസ നിഷേധിച്ചു. ഷമിയുടെ പേരിലുള്ള പോലീസ് കേസുകളാണ് കാരണമായി പറഞ്ഞിരുന്നത്. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായുള്ള ടീമിന്റെ ഭാഗമായിരുന്നു ഈ ബംഗാൾ താരം. ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തതനുസരിച്ച് ബിസിസിഐയുടെ ഇടപെടലുകൾ കാരണം താരത്തിന് വീണ്ടുമൊരു അവസരമൊരുങ്ങിയിരിക്കുകയാണ്.
ജമൈക്കയിലെ രണ്ടാം ടെസ്റ്റിന് ശേഷം മുംബൈയിൽ തിരിച്ചെത്തുന്ന ടീം ഫ്ലോറിഡയിലും ലോഡർഹില്ലിലും T20 മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഹാട്രിക്ക് നേടാനും ഷമിക്ക് സാധിച്ചിരുന്നു. ചേതൻ ചൗഹാന് ശേഷം ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളറായിമാറിയിരുന്നു മുഹമ്മദ് ഷമി. ഇന്ത്യക്ക് വേണ്ടി ഷമി നേടിയ നേട്ടങ്ങളും പൂർണമായ പോലീസ് റിപ്പോർട്ടുകളും ഉൾക്കൊള്ളിച്ചുള്ള ബിസിസിഐയുടെ റിപ്പോർട്ടാണ് ഷമിയേയും ടീം ഇന്ത്യയേയും ഒരു നാണക്കേടിൽ നിന്നും രക്ഷിച്ചത്.