കനത്ത മഴയില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര; താനെയില്‍ കുടുങ്ങികിടക്കുന്നത് നൂറിലധികം പേർ
മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും ആളുകൾ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്. താനെയിലെ കാംബ പെട്രോൾ പമ്പിലും റിവർവിങ് റിസോർട്ടിലുമായി 115 പേർ കുടുങ്ങികിടക്കുന്നതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ഇവരെ ഹെലികോപ്റ്റർ മാർഗം രക്ഷപ്പെടുത്താനായി മഹാരാഷ്ട്ര സർക്കാർ നാവികസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായം തേടി. താനെയിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. അതിനിടെ, വഴിയിൽ കുടുങ്ങിയ മുംബൈ-കോലാപൂർ മഹാലക്ഷ്മി എക്സ്പ്രസിലെ അഞ്ഞൂറിലധികം യാത്രക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
ഒൻപത് ഗർഭിണികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് ഇതുവരെ മഹാലക്ഷ്മി എക്സ്പ്രസിൽനിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്കെത്തിച്ചത്. ബാക്കി യാത്രക്കാരെ ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ട്രെയിനിൽ കുടുങ്ങിയ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും വിതരണവും ചെയ്തു. യാത്രക്കാർക്ക് അടിയന്തര വൈദ്യസഹായം നൽകാൻ ഗൈനക്കോളജിസ്റ്റുകൾ ഉൾപ്പെടെ 37 ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽസംഘത്തെയും നിയോഗിച്ചു. രക്ഷപ്പെടുത്തിയവർക്ക് യാത്ര തുടരാൻ 14 ബസുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മഴയെ തുടർന്ന് മുംബൈയിലെ റോഡ്-റെയിൽ-വ്യോമ ഗതാഗതം താറുമാറായി. മുംബൈ വിമാനത്താവളത്തിൽനിന്നുള്ള ഏഴ് സർവീസുകൾ റദ്ദാക്കി.