എഴുത്തുകാരന്‍ പി.എന്‍. ദാസ് അന്തരിച്ചു
എഴുത്തുകാരനും അധ്യാപകനും പ്രകൃതി ചികിത്സകനുമായ പി.എൻ ദാസ് (72) അന്തരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തലച്ചോറിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
2014ൽ വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ നമ്പൂതിരി എൻഡോവ്മെന്റ് പുരസ്കാരം നേടിയിട്ടുണ്ട്. ഒരു തുളളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്കാരം.
പട്ടാമ്പി സംസ്കൃത കോളജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ പി.എൻ. ദാസ്, പഠന കാലഘട്ടത്തിൽ തന്നെ കൈയ്യെഴുത്ത് മാസികകളിലും ലിറ്റിൽ മാസികകളിലും രചനകൾ നടത്തിയിരുന്നു. ദീപാങ്കുരൻ എന്ന തൂലികാ നാമത്തിലും അദ്ദേഹം എഴുതിയിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് പി.എൻ. ദാസിന് തടവുശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു.
23 വർഷം എഴുതിയ ലേഖനങ്ങൾ സംസ്കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്കാരവും എന്ന പേരിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. കരുണയിലേക്കുളള തീർഥാടനം, ബുദ്ധൻ കത്തിയെരിയുന്നു, പക്ഷിമാനസം, ജീവിത പുസ്തകത്തിൽ നിന്ന്, വേരുകളും ചിറകുകളും ജീവിതഗാനം എന്നീ കൃതികളും രചിച്ചിട്ടുണ്ട്.