Peruvayal News

Peruvayal News

ഇന്ന് ലോക കടുവാദിനം : കടുവാസംരക്ഷണകേന്ദ്രങ്ങൾക്കുമേൽ കോടാലി വീഴുന്നു

ഇന്ന് ലോക കടുവാദിനം : കടുവാസംരക്ഷണകേന്ദ്രങ്ങൾക്കുമേൽ കോടാലി വീഴുന്നു


ഒരുവശത്ത് കടുവാസംരക്ഷണത്തിനായി കോടികൾ ചെലവിടുമ്പോൾ മറുവശത്ത് കടുവാസംരക്ഷണകേന്ദ്രത്തിൽ റെയിൽപ്പാത പണിയാനും യുറേനിയം ഖനനം നടത്താനും കേന്ദ്രസർക്കാരിന്റെ അനുമതി. രണ്ടുവർഷത്തോളമായി വനം-പരിസ്ഥിതി അനുമതിക്കായി കാത്തുകിടന്ന 13 റെയിൽവേ പദ്ധതികൾക്ക് അനുമതി ആവശ്യമില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ സർക്കുലർ.

മധ്യപ്രദേശിലെ ബാന്ധവ്ഗഢ് കടുവാസങ്കേതമുൾപ്പടെ നാല് സംരക്ഷിതവനമേഖലകളെ ബാധിക്കുന്നതാണ് റെയിൽവേ വികസനം. ഇതിനുപുറമേ തെലങ്കാനയിലെ അമ്രബാദ് കടുവാസങ്കേതത്തിൽ യുറേനിയം ഖനനത്തിന് വനംമന്ത്രാലയം അനുമതി നൽകി. ബന്ദിപ്പൂർ കടുവാസങ്കേതത്തിലൂടെ രാത്രിയാത്ര അനുവദിക്കാനാവില്ലെന്ന് പറയുന്ന കേന്ദ്രംതന്നെയാണ് ഈ പദ്ധതികൾക്ക് അനുമതി നൽകിയത്.

വനഭൂമിയിലൂടെയുള്ള റെയിൽവേ പദ്ധതികളിൽ പാത ഇരട്ടിപ്പിക്കലും ഗേജ് മാറ്റലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1976 ഏക്കർ വനഭൂമിയിൽ 20,000 കോടിരൂപയുടെതാണ് പദ്ധതികൾ. മധ്യപ്രദേശിലെ സഞ്ജയ് ദുബ്രി കടുവാസങ്കേതത്തിലൂടെയുള്ള പാത ഇരട്ടിപ്പിക്കൽ ബാന്ധവ്ഗഢിലേക്കുള്ള കടുവാ ഇടനാഴിയെയും ബാധിക്കും. ഉത്തർപ്രദേശിലെ പിലിഭിത്ത് കടുവാസങ്കേതം, കർണാടകയിലെ ഡാൻഡേലി സങ്കേതം, ഗോവയിലെ ഭഗ്വാൻ മഹാവീർസങ്കേതം എന്നിവയെയും ബാധിക്കും.

ഈവർഷം മാത്രം ചത്തത് 63 കടുവകൾ
രാജ്യത്തെ കടുവാക്കണക്കെടുപ്പിന്റെ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് കരുതുമ്പോൾ ഈ വർഷം ചത്തത് 63 കടുവകൾ. ഇതിൽ ആറെണ്ണത്തെയും വേട്ടയാടി കൊന്നതാണ്. ഏറ്റവും കൂടുതൽ കടുവകൾ ചത്തത് മധ്യപ്രദേശിലും (18) മഹാരാഷ്ട്രയിലുമാണ് (12). കേരളത്തിൽ പെരിയാർ കടുവാ സങ്കേതത്തിനുള്ളിലും ഒരു കടുവയെ ചത്തനിലയിൽ കണ്ടെത്തി.

ഈ വർഷം ചത്തത്

മധ്യപ്രദേശ് 18
മഹാരാഷ്ട്ര 12
കർണാടക 10
തമിഴ്നാട് 05
അസം 04
ഉത്തരാഖണ്ഡ് 03
ഉത്തർപ്രദേശ് 02
തെലങ്കാന 02
രാജസ്ഥാൻ 02

കേരളം, ബിഹാർ, പശ്ചിമബംഗാൾ, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോന്നുവീതം.
Don't Miss
© all rights reserved and made with by pkv24live