ലോകവ്യാപകമായി നിശ്ചലമായ ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ തിരിച്ചെത്തി
ലോകവ്യാപകമായി ഭാഗികമായി പ്രവർത്തനം തടസപ്പെട്ട ഫെയ്സ്ബുക്ക് സേവനങ്ങൾ സാധാരണ നിലയിലായി. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങളിലാണ് ഭാഗികമായി തടസം നേരിട്ടത്. ചിത്രങ്ങളും വീഡിയോകളും വോയ്സ് ക്ലിപ്പുകളും അടങ്ങുന്ന മൾട്ടിമീഡിയ സന്ദേശങ്ങളുടെ കൈമാറ്റത്തിലാണ് തകരാർ നേരിട്ടത്.
വാട്സാപ്പിൽ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഡൗൺലോഡ് ചെയ്യാൻ സാധിച്ചില്ല. ഫെയ്സ്ബുക്കിൽ പോസ്റ്റുകൾക്കൊപ്പം ചിത്രങ്ങൾ കാണുന്നുണ്ടായിരുന്നില്ല. ഇൻസ്റ്റാഗ്രാം ഫീഡ് റീഫ്രഷ് ആകുന്നതിൽ തടസം നേരിട്ടു.
ബുധനാഴ്ച വൈകുന്നേരം 5.30-ഓടെയാണ് ഫെയ്സ്ബുക്ക് സേവനങ്ങിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയതെന്ന് ഡൗൺ ഡിറ്റക്റ്റർ വെബ്സൈറ്റ് പറയുന്നു. വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെയാണ് സേവനങ്ങൾ പൂർണമായും തിരികെയെത്തിയതായി ഫെയ്ബുക്ക് ട്വീറ്റ് ചെയ്തത്. തടസം നേരിട്ടതിൽ ഫെയ്സ്ബുക്ക് ക്ഷമാപണവും നടത്തി.
പതിവ് അറ്റകുറ്റപ്പണികൾക്കിടെ അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക പ്രശ്നമാണ് ഉപയോക്താക്കൾക്ക് മൾട്ടിമീഡിയ സന്ദേശങ്ങളയക്കുന്നതിൽ തടസം സൃഷ്ടിച്ചതെന്ന് ലഭിക്കുന്ന വിവരം. എന്നാൽ എന്താണ് കൃത്യമായ കാരണമെന്ന് ഫെയ്സ്ബുക്ക് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
യൂറോപ്പിലും നോർത്ത് അമേരിക്കയിലുമാണ് ഏറ്റവും കൂടുതൽ പ്രശ്നം നേരിട്ടത്. വ്യക്തികളും, വ്യവസായ സ്ഥാപനങ്ങളും സാങ്കേതിക തകരാറിൽ ബുദ്ധിമുട്ടി.
ഈ വർഷം ആദ്യം സെർവർ തകരാറിനെ തുടർന്ന് 24 മണിക്കൂർ നേരം ഫെയ്സ്ബുക്ക് പ്രവർത്തനരഹിതമായിരുന്നു.