നാൽപ്പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് പുരസ്കാരങ്ങൾ നൽകി.
2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: നാൽപ്പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് പുരസ്കാരങ്ങൾ നൽകി. ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ചു. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയൽ പുരസ്കാരം നടി ഷീല മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. 2018ലെ പുരസ്കാരമാണ് ഷീലയ്ക്ക് ലഭിച്ചത്. അവാർഡ് പുസ്തകപ്രകാശനം കെ ടി ഡി സി ചെയർമാൻ എം വിജയകുമാർ സംഘാടക സമിതി ജനറൽ കൺവീനർ വി ശിവൻകുട്ടിയ്ക്കു നൽകി നിർവഹിച്ചു. ചടങ്ങിൽ ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കൃഷിമന്ത്രി അഡ്വ വി എസ് സുനിൽകുമാർ, സഹകരണ ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ രാജഗോപാൽ എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ എ എസ്, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ പി ശ്രീകുമാർ എന്നിവരും തുടങ്ങിയവരും സംബന്ധിച്ചു. ചലച്ചിത്രമേഖലയിലെ പന്ത്രണ്ട് മുതിർന്ന കലാകാരൻമാരെ വേദിയിൽ പ്രത്യേകം ആദരിച്ചു.
മികച്ച നടൻമാർക്കുള്ള പുരസ്കാരം ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്കാരം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സൗബിനെ പുരസകാരത്തിന് അർഹനാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയൻ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നിമിഷയെ പുരസ്കാരം തേടിയെത്തിയത്.
കാന്തൻ ദ ലവർ ഓഫ് കളർ ആണ് മികച്ച സിനിമ. സി. ഷെരീഫ് ആണ് ചിത്രം സംവിധാനം ചെയ്തതും നിർമിച്ചതും. മികച്ച രണ്ടാമത്തെ കഥാചിത്രത്തിനുള്ള പുരസ്കാരം നേടിയ ഒരു ഞായറാഴ്ച്ചയുടെ നിർമ്മാതാവ് ശരത് ചന്ദ്രൻ നായർക്കു വേണ്ടി മുരളീ ചന്ദ്രൻ ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ശ്യാമപ്രസാദും (ഒരു ഞായറാഴ്ച) മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സക്കറിയ മുഹമ്മദും (സുഡാനി ഫ്രം നൈജീരിയ) സ്വന്തമാക്കി. അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചത്. മികച്ച തിരക്കഥ, മികച്ച സ്വഭാവനടിമാർ, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും സുഡാനി ഫ്രം നൈജീരിയ തിളങ്ങി. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ശ്രേയ ഘോഷാലിനു വേണ്ടി സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ ഭാര്യ പ്രിയ ഏറ്റുവാങ്ങി.വേണു സംവിധാനം ചെയ്ത കാർബൺ എന്ന ചിത്രവും അഞ്ച് പുരസ്കാരങ്ങൾ നേടിയിരുന്നു.
എം.പദ്മകുമാർ സംവിധാനം ചെയ്ത ജോസഫിലെ അഭിനയത്തിന് ജോജു ജോർജ്ജ് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാസ്റ്റർ റിഥുനും (അപ്പുവിന്റെ സത്യാന്വേഷണം) അബനി ആദിയും നേടി. പന്ത് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അബനി ആദി പുരസ്കാരം നേടിയത്. ഇത് രണ്ടാം തവണയാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം അബനി സ്വന്തമാക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ കൊച്ചവ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലെ പ്രകടനത്തിന് അബദിക്ക് നേരത്തേ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവർ
ജയസൂര്യയും (ക്യാപ്റ്റൻ ഞാൻ മേരിക്കുട്ടി) സൗബിൻ ഷാഹിറും മികച്ച നടൻമാർ (സുഡാനി ഫ്രം നൈജീരിയ)
മികച്ച നടി നിമിഷ സജയൻ -ചോല, ഒരു കുപ്രസിദ്ധ പയ്യൻ
ജോജു ജോർജ് മികച്ച സ്വഭാവ നടൻ, ചിത്രം- ജോസഫ്, ചോല,
ശ്യാമപ്രസാദ് മികച്ച സംവിധായകൻ- ഒരു ഞായറാഴ്ച
മികച്ച നവാഗത സംവിധായകൻ-സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച തിരക്കഥാകൃത്തുക്കൾ- മുഹ്സിൻ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവനടിമാർ- സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ
മികച്ച സിനിമ-കാന്തൻ ദ ലവർ ഓഫ് കളർ, സംവിധായകൻ -ഷെരീഫ്.സി
മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച, സംവിധായകൻ- ശ്യാമപ്രസാദ്
ജനപ്രീതിയും കലാമേൻമയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം- സുഡാനി ഫ്രം നൈജീരിയ, സംവിധായകൻ-സക്കറിയ, നിർമാതാക്കൾ- ഷൈജു ഖാലിദ്, സമീർ താഹിർ
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിൾ)
മികച്ച ഛായാഗ്രാഹകൻ- കെ യു മോഹനൻ (കാർബൺ)
മികച്ച തിരക്കഥാകൃത്ത്- മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലനടൻ- മാസ്റ്റർ റിഥുൻ(അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച ബാലനടി- അബനി ആദി (പന്ത്)
മികച്ച പിന്നണി ഗായകൻ- വിജയ് യേശുദാസ്, പൂമുത്തോളെ (ജോസഫ്)
മികച്ച സിങ്ക് കൌണ്ട്- അനിൽ രാധാകൃഷ്ണൻ
ഛായാഗ്രാഹണം ജൂറി പരാമർശം- മധു അമ്പാട്ട് (പനി, ആന്റ് ദി ഓസ്കാർ ഗോസ് ടു)
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ
മികച്ച ഗായിക- ശ്രേയാ ഘോഷാൽ, നീർമാതളപ്പൂവിനുള്ളിൽ (ആമി)
മികച്ച സംഗീത സംവിധായകൻ- വിശാൽ ഭരദ്വാജ് (കാർബൺ)
മികച്ച ഗാനരചയിതാവ്- ബി.കെ ഹരിനാരായണൻ (തീവണ്ടി)
മികച്ച പശ്ചാത്തല സംഗീതം- ബിജിബാൽ (ആമി)
മികച്ച കലാസംവിധായകൻ- വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം)
മികച്ച ശബ്ദമിശ്രണം- സിനോയ് ജോസഫ് (കാർബൺ)
മികച്ച ശബ്ദ ഡിസൈൻ- ജയദേവൻ.സി (കാർബൺ)
മികച്ച ചിത്രസംയോജകൻ - അരവിന്ദ് മൻമദൻ (ഒരു ഞായറാഴ്ച)
മികച്ച മേക്ക്അപ്പ്മാൻ- റോണക് സേവ്യർ (ഞാൻ മേരിക്കുട്ടി)
മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (കമ്മാരസംഭവം)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്- ഷമ്മി തിലകൻ (ഒടിയൻ-പ്രകാശ് രാജ്)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- സ്നേഹ .എം (ലില്ലി)
മികച്ച നൃത്തസംവിധായകൻ- സി. പ്രസന്ന സുജിത്ത് (അരവിന്ദന്റെ അതിഥികൾ)
മികച്ച ലബോറട്ടറി/ കളറിസ്റ്റ്- പ്രൈം ഫോക്കസ്, മുംബൈ (കാർബൺ)
പ്രത്യേക ജൂറി പരാമർശങ്ങൾ
സംവിധാനം- സന്തോഷ് മണ്ടൂർ, ചിത്രം- പനി
സംവിധാനം- സനൽകുമാർ ശശിധരൻ, ചിത്രം- ചോല
സൗണ്ട് ഡിസൈൻ-സനൽകുമാർ ശശിധരന്, ചിത്രം-ചോല
അഭിനയം-കെ.പി.എ.സി ലീല, ചിത്രം- രൗദ്രം
104 ചിത്രങ്ങളാണ് അവാർഡ് കമ്മിറ്റിയുടെ പരിഗണിനയിൽ വന്നത്. അതിൽ 57 ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.
പ്രമുഖ സംവിധായകൻ കുമാർ സാഹ്നിയായിരുന്നു ഇത്തവണത്തെ ജൂറി ചെയർമാൻ. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും ജൂറി അംഗങ്ങളായിരുന്നു.