നല്ല വെയിലുള്ള ദിവസം മഴ പെയ്യുമ്പോൾ (വേനൽമഴ) ഭൂമിയിൽനിന്ന് ഒരു പ്രത്യേക ഗന്ധം പ്രസരിക്കുന്നത് എന്തുകൊണ്ട്..?
മുഖ്യമായും അലുമിനിയം, ഇരുമ്പ്, കാത്സ്യം എന്നീ ലോഹങ്ങളുടെ സിലിക്കേറ്റുകളാണ് മണ്ണിൽ അടങ്ങിയിട്ടുള്ളത്. ഇതുകൂടാതെ മണ്ണിൽ ധാരാളം സ്വതന്ത്ര സിലിക്കയും (സിലികോൺ ഡൈ ഓക്സൈഡ്) ഉണ്ടായിരിക്കും. ഇതിനും പുറമേ, പ്രധാനമായും സസ്യങ്ങളിൽ നിന്ന് ഉണ്ടായ ജൈവാവശിഷ്ടങ്ങളും മണ്ണിൽ ഉണ്ടാകും. ഈ കാർബണിക പദാർഥങ്ങളെ മൊത്തത്തിൽ ഹ്യൂമസ് (Humus) എന്ന് പറയുന്നു. ചുട്ടുപഴുത്ത മണ്ണിൽ ആദ്യത്തെ മഴത്തുള്ളികൾ വീഴുമ്പോൾ അവ ഉടനെ തന്നെ ബാഷ്പീകരിക്കും. ജലബാഷ്പത്തോടൊപ്പം ഹ്യൂമസിന്റെ ബാഷ്പങ്ങളുമുണ്ടായിരിക്കും. ആവിസ്വേദീകരണം (steam distillation) വഴിയാണ് ഈ ബാഷ്പങ്ങൾ നീരാവിയോടൊപ്പം വരുന്നത്. ജലത്തിൽ ലയിക്കാത്ത ചില കാർബണിക യൗഗികങ്ങൾ അവയുടെ തിളനിലയിലേക്ക് താപിപ്പിക്കുമ്പോൾ വിഘടിക്കും. എന്നാൽ നീരാവിയിൽ ചൂടാക്കിയാൽ അവ ബാഷ്പീകരിക്കപ്പെടും ഇതിനാണ് ആവിസ്വേദീകരണം എന്ന് പറയുന്നത്ക. റോസാദളങ്ങളിൽ നിന്ന് അത്തർ എടുക്കാനും, യൂക്കാലിയിൽ നിന്ന് യൂക്കാലി എണ്ണ എടുക്കാനും ഒക്കെ ആവിസ്വേദീകരണം ഉപയോഗിക്കാറുണ്ട്. ഹ്യൂമസിൽ അടങ്ങിയിട്ടുള്ള കാർബണിക യൗഗികങ്ങളുടെ ഗന്ധമാണ്, ചുട്ടുപഴുത്ത മണ്ണിൽ ആദ്യത്തെ മഴത്തുള്ളികൾ വീഴുമ്പോൾ നമുക്ക് അനുഭവ വേദ്യമാകുന്നത്. സുഖകരമായ ഈ ഗന്ധം വരാൻ പോകുന്ന കാലവർഷത്തിന്റെ സൂചനയായും കണക്കാക്കാം.