സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്‍കും
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി
സ്കൂള്‍ വിദ്യാര്‍ത്ഥികളെ വ്യക്തിഗതമായി ശ്രദ്ധിച്ച് ഇടപെടാന്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കും. ഇതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ വിലയിരുത്തല്‍ യോഗത്തില്‍ ഉയര്‍ന്നത്. പ്രൈമറി തലത്തില്‍ ഒരു അധ്യാപകന് ശരാശരി 24 കുട്ടികള്‍, ഹൈസ്കൂളില്‍ 29, ഹയര്‍സെക്കന്‍ററിയില്‍ 28, വൊക്കേഷന്‍ ഹയര്‍സെക്കന്‍ററിയില്‍ 14 എന്നിങ്ങനെ ചുമതല നല്‍കാനുള്ളതാണ് നിര്‍ദേശം. ഇത് അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.
കുട്ടികളുടെ മെന്‍റേഴ്സായി അധ്യാപകര്‍ വരേണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ സ്വഭാവവൈകൃതങ്ങള്‍ അധ്യാപകര്‍ക്ക് മനസ്സിലാക്കാനാകും. വീട്ടിലുള്ള സാഹചര്യങ്ങളും കുട്ടിയെ മാനസിക പിരിമുറുക്കത്തിലാക്കുന്നുണ്ട്. മെന്‍റര്‍ ആയ അധ്യാപകന്‍ തന്‍റെ ചുമതലയില്‍ വരുന്ന വിദ്യാര്‍ത്ഥിയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച്, കുട്ടികളുടെ താല്പര്യമേഖലകള്‍, അധിക സഹായം വേണ്ട മേഖലകള്‍ എന്നിവയ്ക്കനുസരിച്ച് സഹായം നല്‍കണം. അതോടൊപ്പം പൊതുവായ കുട്ടികളുടെ നിലവാരം വര്‍ധിപ്പിക്കുന്ന സംവിധാനവും ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ മാസത്തോടെ കേരളം വിദ്യാഭ്യാസരംഗത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറും. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ വിദ്യാലയങ്ങള്‍ സാങ്കേതിക സൗഹൃദമായി കഴിഞ്ഞു. 4,752 ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷന്‍ ഹയര്‍സെക്കന്‍ററി സ്കൂളുകളില്‍ 45,000 ഹൈടെക് ക്ലാസ് മുറികളായി. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലും ഹൈടെക് ലാബുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഇത് പൂര്‍ത്തിയാകുന്നതോടെ കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സ്കൂള്‍ സ്റ്റേറ്റായി പ്രഖ്യാപിക്കാനാകും.
പ്രൈമറി സ്കൂളൂകളില്‍ 55,086 ലാപ് ടോപ്പുകള്‍, യു.എസ്.ബി സ്പീക്കറുകള്‍, 23,170 പ്രൊജക്ടറുകള്‍, 5644 മള്‍ട്ടി ഫംഗ്ഷണല്‍ പ്രിന്‍ററുകള്‍, 3,248 എല്‍.ഇ.ഡി. ടെലിവിഷനുകള്‍ എന്നിവ നല്‍കിവരുന്നു. അധ്യാപകര്‍ക്ക് ഹൈടെക് പരിശീലനവും നല്‍കി.
കൈത്തറി വസ്ത്രങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ കൈത്തറി വകുപ്പിനു പുറമെ വിദ്യാഭ്യാസ വകുപ്പുകൂടി ഭാഗഭാക്കാകണം. ഉച്ചഭക്ഷണ പരിപാടി കൃത്യമായി മോണിറ്റര്‍ ചെയ്യണം. മതിയായ എണ്ണം കുട്ടികള്‍ ഇല്ലാത്ത സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ഉദ്യോഗസ്ഥരെയോ മിഷന്‍ പ്രതിനിധികളെയോ ഇതിന് നേതൃത്വം വഹിക്കാന്‍ ചുമതലപ്പെടുത്തണം. നാട്ടുകാരെ കൂടി ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. 203 പ്രവൃത്തിദിനങ്ങളാണ് ഈ വര്‍ഷത്തെ അക്കാദമിക കലണ്ടറിന്‍റെ ഭാഗമായുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ അഞ്ചുലക്ഷത്തിലധികം കുട്ടികളാണ് അധികമായി പൊതുവിദ്യാലയങ്ങളില്‍ എത്തിയത്. ദേശീയതലത്തില്‍ നടത്തിയ നാഷണല്‍ അച്ചീവ്മെന്‍റ് സര്‍വെ, നീതി ആയോഗ് സര്‍വെ എന്നിവയില്‍ ദേശീയ ശരാശരിയേക്കാള്‍ മികച്ച നിലവാരം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കൈവരിക്കാനായി.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, മിഷന്‍ കോര്‍ഡിനേഷന്‍ ചെറിയാന്‍ ഫിലിപ്പ്, ആസൂത്രണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയ്തിലക്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, ഡി.ജി.ഇ കെ.ജീവന്‍ ബാബു, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, കൈറ്റ് വൈസ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത്, സമഗ്ര ശിക്ഷ കേരളം ഡയറക്ടര്‍ പ്രൊഫ. എ.പി. കുട്ടികൃഷ്ണന്‍, എസ്.സി.ഇ.ആര്‍.ടി ഡയറട്കര്‍ ജെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.