മടങ്ങിയെത്തിയ പ്രവാസികൾക്ക് പുനരധിവാസ വായ്പാ പദ്ധതി: യോഗ്യതാ നിർണ്ണയവും സംരംഭകത്വ പരിശീലനവും തിരുവല്ലയിൽ:
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവസികൾക്ക് നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ ആഗസ്റ്റ് ഒൻപതിന് രാവിലെ 10 മണിക്ക് തിരുവല്ല വി.ജി.എം. ഹാളിൽ വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ചുരുങ്ങിയത് രണ്ടു വർഷക്കാലമെങ്കിലും വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്ക് തൽസമയം വായ്പ നിബന്ധനകളോടെ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യുടെ സേവനവും ലഭ്യമാക്കും.
സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താല്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ്‌സൈറ്റായ www.norkaroots.org യിൽ NDPREM ഫീൽഡിൽ ആവശ്യരേഖകളായ പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും, രണ്ടുവർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും, പകർപ്പും, മൂന്ന് പാസ്സ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (04712329738) നമ്പറിലും, നോർക്ക റൂട്ട്സിന്റെ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം), 0471-2770581 നമ്പറിലും ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.