കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് യെദ്യൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്.
ബെംഗളൂരുവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. സർക്കാർ രൂപവത്കരണത്തിനുള്ള അവകാശം ഉന്നയിച്ച് യെദ്യൂരപ്പ രാവിലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിമത എം എൽ എമാരുടെ കൂട്ടരാജിയെ തുടർന്ന് കുമാരസ്വാമി നേതൃത്വം നൽകിയ കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാർ വീണതിനു പിന്നാലെയാണ് കർണാടകയിൽ ബി ജെ പി സർക്കാർ അധികാരത്തിലെത്തുന്നത്. പതിന്നാലുമാസമായിരുന്നു കുമാരസ്വാമി സർക്കാരിന്റെ ആയുസ്സ്
2007 നവംബറിലാണ് യെദ്യൂരപ്പ ആദ്യമായി കർണാടകയുടെ മുഖ്യമന്ത്രിപദത്തിലെത്തിയത്. എന്നാൽ ഏഴുദിവസം മാത്രമാണ് അധികാരത്തിലിരിക്കാനായത്. പിന്നീട് തിരഞ്ഞെടുപ്പിനു ശേഷം 2008 മേയ് 30ന് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. മൂന്നുവർഷവും രണ്ടുമാസവും ഭരിച്ചു.
2018 മേയ് 17നാണ് യെദ്യൂരപ്പ മൂന്നാംവട്ടവും മുഖ്യമന്ത്രിയായത്. ആറുദിവസം മാത്രമാണ് അധികാരത്തിൽ തുടരാനായത്. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ്-ജെ ഡി എസ് സഖ്യം സർക്കാർ രൂപവത്കരിച്ചത്.