ലത ടീച്ചറുടെ ധൈര്യത്തിൽ മൂന്ന് കുരുന്നുകൾക്ക് ജീവൻ തിരിച്ചുകിട്ടി
തേഞ്ഞിപ്പലം:ആ നിലവിളികൾ കാതിൽ മുഴങ്ങിയപ്പോൾ ലത ടീച്ചർ പിന്നെ ഒന്നും ആലോചിച്ചില്ല. മുന്നിൽ മുങ്ങിത്താഴുന്ന മൂന്നു കുഞ്ഞുമുഖങ്ങൾമാത്രം. അവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയും അവർ കുളത്തിലേക്ക് എടുത്തുചാടി. ഏറെപണിപ്പെട്ടെങ്കിലും മൂന്നുപേരെയും കരയ്ക്കെത്തിച്ചു.വേങ്ങര അൽഫലാഹ് സ്കൂളിലെ അധ്യാപികയായ നെച്ചിക്കാടൻ ലതയാണ് മൂന്നുകുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തിയത്.
പെരുവള്ളൂരിൽ സ്കൂളിന് സമീപത്തെ ഇല്ലത്ത് കുളത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇടിമുഴിക്കലിൽ ഭർത്തൃവീട്ടിൽനിന്നും സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു ലത. വീട്ടിലേക്കും കയറും മുൻപ് കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് ഇവർ ഓടി കുളക്കരയിൽ എത്തിയത്. മൂന്ന് കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് ഇവർ കുളത്തിലേക്ക് ചാടുകയായിരുന്നു.
മൂന്നുകുട്ടികളെയും അണച്ചുപിടിച്ച് നീന്താൻ ഇവർ ഏറെ പ്രയാസപ്പെട്ടു. എങ്കിലും സർവശക്തിയുമെടുത്ത് കുട്ടികളെ കരയ്ക്കെത്തിച്ചു. ഇതിനിടെ നിലവിളികേട്ട് എത്തിയ സമീപവാസിയായ വിജീഷും സഹായിച്ചു.തൊട്ടുസമീപത്തുള്ള തോട്ടിൽ കുളിക്കാൻ എത്തിയതായിരുന്നു കുട്ടികൾ. തോട്ടിൽ വെള്ളം കുറവാണെന്ന് പറഞ്ഞാണ് കുട്ടികൾ വീട്ടുകാരറിയാതെ കുളത്തിൽ എത്തിയത്. ഇതിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിയപ്പോൾ രക്ഷപ്പെടുത്താൻ വേണ്ടിയാണ് മൂന്നാമത്തെ കുട്ടിയും കുളത്തിലേക്ക് ചാടിയത്. നീന്തൽ അറിയാത്ത ഈ കുട്ടിയും അപകടത്തിൽ പെടുകയായിരുന്നു.
റെസ്ലാ(7), സജ്ന ഷെറി(5), സഫരീന (6) എന്നിവരെയാണ് മുപ്പത്തിരണ്ടുകാരിയായ ലത രക്ഷപ്പെടുത്തിയത്. പെരുവള്ളൂർ സ്കൂളിലെ സഹൃദയം ഒരിക്കൽ കൂടി എന്ന കൂട്ടായ്മയിലെ സജീവപ്രവർത്തക കൂടിയാണ് ലത.