അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം പിൻവലിച്ചു
തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. 'കല്ലട' സംഭവത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡുകള്‍ക്കെതിരെയായിരുന്നു സമരം.
ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബസ്സുടമകൾ ചർച്ചയിൽ ഉറപ്പ് നൽകി. ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ബസ്സുടമകൾ അറിയിച്ചു.
ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെതിരെയാണ് നാനൂറോളം വരുന്ന അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍ സർവീസ് മുടക്കി പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം 24 നായിരുന്നു ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്.