കര്‍ണാടകയിലെ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി
ബെംഗളൂരു: കർണാടകയിലെ മൂന്ന് വിമത എംഎൽഎമാരെ സ്പീക്കർ കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കി. കോൺഗ്രസ് എംഎൽഎമാരായ രമേശ് എൽ. ജർക്കിഹോളി, മഹേഷ് കുമതഹള്ളി എന്നിവരേയും റാണിബെന്നൂർ എം.എൽ.എ ആർ. ശങ്കറിനെയുമാണ് അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി. താൻ സ്വതന്ത്ര എംഎൽഎയാണെന്ന ശങ്കറിന്റെ വാദം സ്പീക്കർ അംഗീകരിച്ചില്ല. വാർത്താ സമ്മേളനത്തിലാണ് മൂന്നുപേരെയും അയോഗ്യരാക്കിയകാര്യം സ്പീക്കർ കെ.ആർ. രമേശ് കുമാർ അറിയിച്ചത്
കെ.പി.ജെ.പി. എന്ന പാർട്ടിയുടെ ഏക അംഗമാണ് ആർ. ശങ്കർ. എന്നാൽ കെ.പി.ജെ.പി എന്ന പാർട്ടി കോൺഗ്രസിൽ ലയിച്ചുവെന്നതിന്റെ രേഖകൾ കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കർക്ക് സമർപ്പിച്ചിരുന്നു. ഇതോടെ ശങ്കർ കോൺഗ്രസ് അംഗമാണെന്ന് സ്പീക്കർക്ക് വ്യക്തമായതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കറുടെ അധികാരം ഉപയോഗിച്ച് അയോഗ്യത കൽപ്പിക്കുകയായിരുന്നു
റാണിബെന്നൂർ മണ്ഡലത്തിൽ നിന്നാണ് ആർ. ശങ്കർ നിയമസഭയിലേക്കെത്തിയത്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകിക്കൊണ്ട് സഖ്യസർക്കാർ കൂടെനിർത്തുകയായിരുന്നു. കോൺഗ്രസിലെയും ജെഡിഎസിലെയും വിമത എംഎൽഎമാർ രാജിക്കത്ത് നൽകിയ സമയത്ത് ആർ. ശങ്കർ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുകയും ഗവർണറെ കണ്ട് ബിജെപിയെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് കത്ത് നൽകുകയും ചെയ്തു
ഇതോടെ കെ.പി.ജെ.പി എന്ന പാർട്ടി കോൺഗ്രസിൽ ലയിച്ചതായുള്ള കത്ത് സിദ്ധരാമയ്യ സ്പീക്കർക്ക് കൈമാറി. ഇത് പരിശോധിച്ചതിന് ശേഷമാണ് അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടന്നത്. അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് മൂന്നുപേർക്കും 2023വരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കില്ല. രാജിവെച്ച മറ്റ് വിമതരുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാർ വ്യക്തമാക്കിയിട്ടുണ്ട്. വിമതരെ അയോഗ്യരാക്കിയ തീരുമാനം കോൺഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്.