ചാടിപ്പോയ മയക്ക്മരുന്ന് കടത്തുകാരനെ സാഹസികമായി പിടികൂടി; എക്‌സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു
കസ്റ്റഡിയിൽ നിന്ന് ചാടിപോയ കുപ്രസിദ്ധ മയക്ക് മരുന്ന് കടത്തുകാരൻ ജോർജ് കുട്ടിയെ സാഹസികമായി പിടികൂടി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി നടത്തിയ വെടിവെപ്പിൽ എക്സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു. കാലിൽ ഗുരുതരമായി പരിക്കേറ്റ എക്സൈസ് ഇൻസ്പെക്ടർ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്.
തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. നിലമ്പൂർ വാണിയമ്പലത്ത് വെച്ചാണ് ജോർജ് കുട്ടിയെ എക്സൈസ് പിടികൂടിയത്. വാണിയമ്പലത്തെ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് ജോർജ് കുട്ടി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇയാൾക്കായി വലവിരിച്ചത്. തിരുവനന്തുപുരത്ത് നിന്ന് എത്തിയ എക്സൈസ് സംഘം നിലമ്പൂർ എക്സൈസുമായി ചേർന്നാണ് ജോർജ് കുട്ടിയെ പിടികൂടിയത്. തിരുവനന്തപുരത്ത് വെച്ച് 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോർജ് കുട്ടി ഈ മാസം നാലിന് തെളിവെടുപ്പിനിടെ ബെംഗളൂരുവിൽ വെച്ചാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജോർജ് കുട്ടി കയ്യിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് എക്സൈസ് സംഘത്തിന് നേരെ നാല് റൗണ്ട് വെടിയുതിർത്തു. കാലിന് വെടിയേറ്റ മനോജ് നിലമ്പൂർ എക്സൈസിലെ ഉദ്യോഗസ്ഥനാണ്. മുൻപും അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.