സാഹിത്യ സുല്‍ത്താന്റെ ഓർമകൾക്ക് കാൽനൂറ്റാണ്ട്
കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് കാൽനൂറ്റാണ്ട് കഴിയുന്നു. 25-ാം ചരമവാർഷികദിനമായ വെള്ളിയാഴ്ച ബേപ്പൂരിലെ വൈലാൽ ബഷീറിന്റെ എഴുത്തിനെ സ്നേഹിക്കുന്നവരുടെ സംഗമവേദിയായി മാറും. എല്ലാവിഭാഗം ജനങ്ങളുടെയും മനസ്സുകളിൽ ജീവിക്കുന്ന ചിരഞ്ജീവിയായ കഥാകാരൻ അതാണ് വൈക്കം മുഹമ്മദ് ബഷീർ. ആരും ആരെയും ക്ഷണിക്കാതെ ദേവസ്ഥാനങ്ങൾ തേടിയെത്തുന്ന തീർഥാടകരെപ്പോലെ നാനാതുറകളിൽ നിന്നുള്ളവർ ബഷീറിന്റെ അദൃശ്യസാന്നിധ്യമനുഭവിക്കാൻ എല്ലാവർഷവും ജൂലായ് അഞ്ചിന് വൈലാലിത്തെുന്നു.
ജന്മം വൈക്കത്തെ തലയോലപ്പറമ്പിലാണെങ്കിലും രാജ്യമാകെ ചുറ്റിക്കറങ്ങാനായിരുന്നു യോഗം. കേരളത്തിൽ തിരിച്ചെത്തിയപ്പോൾ തലയോലപ്പറമ്പിലെ വീട്ടിൽനിന്ന് വള്ളികളും ചെടികളും മരങ്ങളും വാഴകളും പൂക്കളും കുടപിടിച്ചും മറവിരിച്ചും നിൽക്കുന്ന വലിയപറമ്പായ ഇവിടത്തെ വൈലാലിലാണ് എത്തിയത്. പഴയനാട്ടുരാജ്യമായ ബേപ്പൂരിലെത്തി വിവാഹം ചെയ്ത് ബേപ്പൂർ സുൽത്താനായി മാറി.
കുഴിമടിയന്മാരായ ബഡ്ക്കൂസുൾക്ക് പറ്റിയ പണിയായിട്ടാണ് സാഹിത്യം എഴുത്ത് താൻ തിരഞ്ഞെടുത്തതെന്ന് പറയുന്ന ബഷീർ തന്നെയാണ് അനുഭവങ്ങൾ ച്ചിരിപ്പിടിയോളമുണ്ടല്ലോ, അവനെയൊക്കെ കാച്ചിയാൽ മതി എന്നും പറയുന്നത്. നർമവും വിമർശനവും കലർന്ന ശൈലിയിലൂടെ ബഷീർ ജീവിതയാഥാർഥ്യങ്ങളെ വരച്ചിട്ട ഓരോകൃതിയും മലയാള ഭാഷയിലെ വിസ്മയങ്ങളായി മാറി.
ഈ വിശ്വസാഹിത്യകാരൻ സ്വന്തം നാട്ടിൽ വെറുമൊരു സാധാരണക്കാരനെപ്പോലെയായിരുന്നു. വൈലാലിലേക്കുപോവുന്ന വഴിയോരത്തിലൂടെ ബീഡിയും വലിച്ച് പോവുന്ന ബഷീർ പുറമേനിന്നെത്തുന്നവർക്കെല്ലാം വിസ്മയമായിരുന്നു. സഹായാഭ്യർഥനയുമായി തന്നെ സമീപിക്കുന്ന ആരെയും ബഷീർ നിരാശരാക്കിയിട്ടില്ല. വീട്ടിലെത്തുന്ന അതിഥികളെയും ആരാധകരെയും സത്കരിച്ചേ വിടുമായിരുന്നുള്ളൂ. രോഗശയ്യയിലായിരുന്നപ്പോഴും ഇതായിരുന്നു സ്ഥിതി.
1991-ൽ പ്രസിദ്ധീകരിച്ച ചെവിയോർക്കുക അന്തിമകാഹളംമാണ് ബഷീറിന്റെ അവസാനകൃതി. വൈലാലിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽവെച്ചാണ് ബഷീറിന്റെ മിക്കവാറും കൃതികളെല്ലാം ജന്മമെടുത്തത്. അത്രമാത്രം ബഷീറിന്റെ ജീവിതവുമായി അലിഞ്ഞുചേർന്നതായിരുന്നു വീട്ടുപടിക്കലെ മാങ്കോസ്റ്റിൻ.
ബഷീറിനെയും അനുജൻ അബ്ദുൾഖാദറിനെയും ഒരുമിച്ച് ഒരേദിവസമാണ് സ്കൂളിൽ ചേർത്തത്. ബഷീർ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നെങ്കിലും അനുജൻ മലയാളം വാധ്യാരായി മാറുകയായിരുന്നു. പട്ടിണികിടന്ന് എഴുതിയതും പത്രങ്ങളിൽ അച്ചടിച്ചുവരുന്നതുമായ ബഷീറിന്റെ വിശ്വോത്തരകഥകൾ അനുജൻ വായിച്ചു ആവേശം കൊള്ളട്ടേ എന്നുകരുതി കൊടുത്തു. അനുജനോട് കാശു കടം വാങ്ങാൻ ചെന്ന ബഷീർ കാണുന്നത് വരകളും ചോദ്യചിഹ്നങ്ങളും നിറഞ്ഞ തന്റെ കഥയാണ് ആ കഥകളിൽ ഒന്നിലെ ഒരുവരി വായിച്ച് അനുജൻ ചോദിച്ചു: ഇക്കാക്കാ ഇതിലെ ആഖ്യാതം എവിടെ? ഉടൻ വന്നു ബഷീറിന്റെ വിശ്വ പ്രസിദ്ധമായ ഡയലോഗ്: നിന്റെ ഒരു ലൊടുക്കൂസ് ആഖ്യാതം. ചട്ടുകാലാ ഒരു വാധ്യാര് വന്നിരിക്കുന്നു. ചട്ടൻ. അതിനുമറുപടിയായി അനുജൻ വീണ്ടും: ഇക്കാക്കാ രണ്ടുകൊല്ലം എവിടെയെങ്കിലും പോയി മലയാള വ്യാകരണം പഠിക്കണം. മലയാള ഭാഷയ്ക്ക് എത്ര അക്ഷരങ്ങളുണ്ട്? ബഷീറുണ്ടോ കുലുങ്ങുന്നു: എനിക്ക് ഇഷ്ടമുള്ളപോലെ എഴുതും. അറിയാവുന്ന അക്ഷരങ്ങൾവെച്ച്. നിന്റെ ഒരുതൊലി പൊണ്ടൻ വ്യാകരണം. ബഷീർതന്നെയാണ് ഇതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്.
നർമത്തിലൂടെ മലയാളഭാഷയിൽ പ്രത്യേകമൊരു ശൈലിതന്നെ ബഷീർ സൃഷ്ടിച്ചിരിക്കുന്നു. ഇമ്മിണിബല്യഒന്നും, സ്ഥലത്തെ പ്രധാന ദിവ്യനും, ഭൂമിയുടെ നടുമധ്യവുമെല്ലാം ബഷീർശൈലിയുടെ ഉദാത്തമായ ഉദാഹരണങ്ങളാണ്. മലയാളത്തിന്റെ വാക്കുകൾ ഉപയോഗിച്ച് അതിനുമുമ്പുള്ള എഴുത്തുകാർക്ക് സാധിക്കാത്ത വ്യത്യസ്തമായ പുതിയ ഭാഷ തന്റെ കൃതികളിലൂടെ സൃഷ്ടിക്കാൻ ബഷീറിന് കഴിഞ്ഞു. അദ്ദേഹത്തെ ഗ്രന്ഥകർത്താവ് എന്നു പറയുന്നതിനെക്കാൾ നല്ലത് ഭാഷയുടെ കർത്താവ് എന്നുപറയുന്നതായിരിക്കും എന്നാണ് സുകുമാർ അഴിക്കോട് പറഞ്ഞത്.
ബഷീർ വെറുമൊരു സാഹിത്യകാരൻ മാത്രമായിരുന്നില്ല. അതിലുമപ്പുറം വളർന്ന വിസ്മയമായിരുന്നു. ചെറിയ ചെറിയ വാക്കുകളിലൂടെ മഹാപ്രപഞ്ചം സൃഷ്ടിച്ച വലിയ മനുഷ്യനാണ് ബഷീർ. ജീവിതത്തിൽ തിക്തമായ അനുഭവങ്ങളും വേദനകളും ഏറ്റുവാങ്ങിയപ്പോഴും മനുഷ്യന്റെ നന്മയെ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്.
അദ്ദേഹത്തിന് പകരമാവാൻ മലയാളഭാഷയിൽ മറ്റൊരുമില്ല..