ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയിലേക്ക് ഇനി മലയാളിപ്പരസ്യവും
ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ഒഴിയുന്നു. ബൈജൂസ് ലേണിംഗ് ആപ്പാണ് ഇനി ഇന്ത്യന്‍ നീലക്കുപ്പായത്തില്‍ ഇടംപിടിക്കും. സെപ്തംബറില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതലാണ് ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ ബൈജൂസ് ആപ്പ് എത്തുക. ഇതിനുള്ള നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു.
2017 മാര്‍ച്ചില്‍ 1079 കോടി രൂപക്കാണ് ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരായി ഒപ്പോ എത്തിയത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക അസന്തുലിതവും വളരെ ഉയര്‍ന്നതുമായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒപ്പോ ഒഴിയുന്നത്. വെസ്റ്റിന്‍ഡീസ് പരമ്പര വരെയാകും ഒപ്പോയുടെ പേര് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയിലുണ്ടാകുക.
ഒപ്പോയുടെ പിന്‍വാങ്ങലുമായി ബന്ധപ്പെട്ട് ബി.സി.സി.ഐക്ക് നഷ്ടമൊന്നുമുണ്ടാകില്ല. ഒപ്പോയില്‍ നിന്ന് കരാര്‍ പ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്ന അതേ തുക തന്നെ ബൈജൂസില്‍ നിന്നും ലഭിക്കും. മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭമാണ് ബൈജൂസ് ആപ്പ്. കുറഞ്ഞ കാലം കൊണ്ട് ഏറ്റവും മൂല്യമേറിയ സ്ഥാപനമായാണ് ബൈജൂസ് ആപ്പ് വളര്‍ന്നത്. ഇന്ന് 38,000 കോടി രൂപയുടെ മൂല്യമാണ് ബൈജൂസ് ആപ്പിനുള്ളത്.