ബുധനാഴ്ച ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്
ഡോക്ടർമാർ ബുധനാഴ്ച(ജൂലായ് 31) രാജ്യവ്യാപകമായി പണിമുടക്കും. ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ ലോക്സഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ബുധനാഴ്ച രാവിലെ ആറ് മണി മുതൽ 24 മണിക്കൂറാണ് സമരം. സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണർമാർക്ക് പ്രാക്ടീസ് ചെയ്യാൻ പരിമിത ലൈസൻസ് നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ മെഡിക്കൽ കമ്മിഷൻ ബില്ലിലുള്ളത്. മെഡിക്കൽ വിദ്യാർഥികളുടെ അവസാനവർഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കാനും ബില്ലിൽ ശുപാർശയുണ്ട്. കഴിഞ്ഞദിവസം ലോക്സഭയിൽ വോട്ടിനിട്ട ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് പാസാക്കിയത്.