ഈവർഷത്തെ ഭരത് ഗോപി അവാർഡ് നടൻ വിനീതിന്
മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് സൊസൈറ്റിയുടെ സ്ഥാപകരിൽ പ്രധാനിയായിരുന്ന ചലച്ചിത്രതാരം ഭരത് ഗോപിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഭരത് ഗോപി അവാർഡ് 2019 പ്രഖ്യാപിച്ചു. ജൂറി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ചലച്ചിത്രതാരം വിനീത് രാധാകൃഷ്ണനെയാണ്. 25,001 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഇദ്ദേഹത്തെ പരിഗണിച്ചത്.
മാനവസേവ പുരസ്കാരം മുൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, മുൻ മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഇപ്പോൾ സി പി ഐ(എം) ആറ്റിങ്ങൽ ഏരിയ സെക്രട്ടറിയുമായ അഡ്വ. എസ് ലെനിന് നൽകും. സാമൂഹിക സാംസ്കാരിക മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. 5001 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. മാനവസേവ പ്രത്യേക ജൂറി പുരസ്കാരം സിനിമാതാരം ധന്യാമേരി വർഗീസിന് നൽകും. മാധ്യമ പുരസ്കാരം കേരള കൗമുദി താലൂക്ക് ലേഖകൻ വിജയൻ പാലാഴി, വൈദ്യ ശാസ്ത്ര പുരസ്കാരം മുദാക്കൽ ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ഹെൽത്ത് സെൻറർ ഡോ.ലക്ഷ്മി ജി.ജി, കർമ്മശ്രേഷ്ഠ പുരസ്കാരം ഇൻസ്പെക്ടർ ഓഫ് പോലീസ് എസ് ഷാജി, ഗുരുശ്രേഷ്ഠ പുരസ്കാരം അവനവഞ്ചേരി എച്ച്എസ്എസ് അധ്യാപിക ഡി ശരണ്യ ദേവ് എന്നിവർക്കും നൽകും. പ്രശസ്ത ചലച്ചിത്രതാരം മുകേഷ് ചെയർമാനായിട്ടുള്ള ജൂറിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്. ജൂലൈ 29ന് വൈകുന്നേരം 5 മണിക്ക് പൊയ്കമുക്ക് തീപ്പെട്ടി ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.