നിങ്ങളുടെ സ്മാര്‍ട് ഫോണ്‍ എങ്ങനെ വൃത്തിയാക്കാം? ചെയ്യേണ്ടതും പാടില്ലാത്തതും
ഫോൺ സ്ക്രീനുകൾ വിരലടയാളവും മെഴുക്കും അഴുക്കും പിടിച്ചും വൃത്തികേടാവാറുണ്ട്. അത്തരം സാധ്യതകൾ ഒഴിവാക്കാൻ പ്രയാസവുമാണ്. അതിനാൽ ഫോണുകൾ സമയാസമയം വൃത്തിയാക്കുക തന്നെ വേണം. അതിന് ചിലപ്പോൾ ഫോൺ ധരിച്ചിരിക്കുന്ന വസ്ത്രത്തിലും ജീൻസിലുമെല്ലാം തുടയ്ക്കുകയാവും നിങ്ങളുടെ പതിവ്. എന്നാൽ ശരിയായ രീതിയിൽ ഫോൺ വൃത്തിയാക്കുന്നത് അങ്ങനെ ഒന്നുമല്ല. അതിന് തുച്ഛമായ ചിലവുണ്ടെന്ന് മാത്രം.
വൃത്തിയാക്കുമ്പോൾ എന്ത് ചെയ്യരുത് !
ഫോണുകൾ ഫോണുകളാണെന്ന് മറന്നുപോവരുത്. അതിനാൽ തന്നെ മറ്റ് വസ്തുക്കൾ വൃത്തിയാക്കുന്നതിനുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് ഫോൺ വൃത്തിയാക്കാൻ ശ്രമിക്കരുത്. ഉദാഹരണത്തിന്, വിൻഡോ ക്ലീനർ, കിച്ചൻ ക്ലീനർ, പേപർ ടവൽ, റബിങ് ആൽക്കഹോൾ, മേക്ക് അപ്പ് റിമൂവർ, ശക്തിയേറിയ വായു, പാത്രങ്ങൾ കഴുകുന്ന സോപ്പ്, ഹാന്റ് വാഷ്, വിനാഗിരി തുടങ്ങിയ വസ്തുക്കൾ കൊണ്ടൊന്നും ഫോണോ അതിന്റെ സ്ക്രീനോ വൃത്തിയാക്കാൻ ശ്രമിക്കരുത്.
കാഠിന്യമേറിയ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാവാം ഇക്കൂട്ടത്തിൽ പല ഉൽപ്പന്നങ്ങളും നിർമിച്ചിരിക്കുന്നത്. സോപ്പും, വിൻഡോ ക്ലീനറും, മേക്ക് അപ്പ് റിമൂവറും, റബിങ് ആൽക്കഹോളുമെല്ലാം രാസപദാർഥങ്ങൾ തന്നെയാണ്. അവ ഓരോന്നും പ്രത്യേകം ആവശ്യങ്ങൾക്ക് വേണ്ടി നിർമിച്ചവയാണ്. ഫോൺ വൃത്തിയാക്കുന്നതിന് ഉള്ളതല്ല. കാരണം ഫോണുകളെ വെള്ളത്തിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിനായി ഒരു സംരക്ഷണ കവചം ഫോണുകളിൽ നൽകാറുണ്ട്. രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രമിക്കുമ്പോൾ ആ സംരക്ഷണകവചം നഷ്ടപ്പെടുകയും ഫോണിൽ കൂടുതൽ അടയാളങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും കറപിടിക്കുന്നതിനും ഇടയാക്കും.
അതേസമയം പേപ്പർ ടവലുകൾ ഉപയോഗിക്കുമ്പോൾ ഫോണിൽ വരവീഴാനുള്ള സാധ്യത ഏറെയാണ്. മാത്രവുമല്ല പേപ്പർ ടവൽ ഫോണിൽ ഉരയ്ക്കുമ്പോൾ അത് പൊടിയുകയും ആ പൊടി ഫോണിന്റെ ദ്വാരങ്ങളിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. ഇത്തരം കടലാസുപൊടി അന്തരീക്ഷ ഈർപ്പം വലിച്ചെടുക്കുകയും അത് ഫോണിന് തകരാർവരുത്തുകയും ചെയ്തേക്കാം.
ശക്തിയേറിയ വായു പ്രവഹിപ്പിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളിലെ പൊടികൾ കളയുന്ന ഉപകരണങ്ങളുണ്ട്. അത്തരം ഉപകരണങ്ങൾ ഫോണിൽ ഉപയോഗിക്കരുത്. വളരെ ലോലമായ ഉപകരണ ഭാഗങ്ങളാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. ഫോണിന്റെ റിസീവർ, സ്പീക്കർ, മൈക്ക് പോലുള്ളവ തകരാറിലാവാൻ ഇത്തരം ശക്തിയേറിയ വായുപ്രവാഹം കാരണമാവാം.
ഫോൺ എങ്ങനെ വൃത്തിയാക്കാം
നമ്മുടെയെല്ലാം ശരീരത്തിന്റെ സവിശേഷതകൊണ്ടുതന്നെ ഫോണിൽ വിരലടയാളവും മെഴുക്കും പറ്റുന്നത് ഒഴിവാക്കാൻ സാധിക്കില്ല. ഓരോ തവണ ഫോൺ എടുക്കുമ്പോഴും കൈയിലെ മെഴുക്ക് ഫോണിൽ പതിയും.
സുരക്ഷിതമായി ഫോണും ഫോണിന്റെ സ്ക്രീനും വൃത്തിയാക്കാനുള്ള മാർഗം മൈക്രോഫൈബർ ക്ലോത്ത് ആണ്. ഇതിന് അധികം വിലയില്ല.
തുടച്ചിട്ട് മായാത്ത അഴുക്ക് സ്ക്രീനിൽ പറ്റിയിട്ടുണ്ടെങ്കിൽ മൈക്രോഫൈബർ ക്ലോത്ത് അൽപം നനച്ചതിന് ശേഷം തുടയ്ക്കുക. ഫോണിലേക്ക് വെള്ളമാക്കരുത്. ഫോണിന്റെ അരികുകളും പുറം വശവും വൃത്തിയാക്കാൻ ഈ രീതി അവലംബിക്കാം.
ഇതിനായി സൈ്വപ്പ് വൈപ്പ് (swipe wipe) എന്ന ഉൽപ്പന്നവും വിപണിയിലുണ്ട്. ഇത് ഫോണിന് പിൻവശത്ത് ഒട്ടിച്ചുവെക്കാനും ആവശ്യമുള്ളപ്പോൾ എടുത്ത് തുടയ്ക്കാനും സാധിക്കും.
ചെറിയ വിടവുകളിലെ മണ്ണും പൊടിയും
ഹെഡ്ഫോൺ ജാക്ക്, റിസീവർ, സ്പീക്കർ ഉൾപ്പടെയുള്ളയിടങ്ങളിൽ മണ്ണും പൊടികളും ചെറുനാരുകളും പറ്റിപ്പിടിക്കാറുണ്ട്. തുണി ഉപയോഗിച്ച് തുടച്ചാലും ഇവ നീക്കം ചെയ്യാൻ സാധിക്കില്ല. അങ്ങനെ ഉള്ളവ നീക്കം ചെയ്യാൻ ചെറിയൊരു വഴിയുണ്ട്.
സെല്ലോ ടേപ്പ് എന്നും മറ്റും വിളിക്കുന്ന സ്കോച്ച് ടേപ്പുകൾവിപണിയിൽ ലഭ്യമാണ്. ഇതിന്റെ പശിമയുള്ള ഭാഗം ഉപയോഗിച്ച് ഫോണിന്റെ ദ്വാരങ്ങളിലും വിടവുകളിലും പറ്റിപ്പിടിക്കുന്ന മണ്ണും പൊടിയും നീക്കം ചെയ്യാം. അതിന് ടേപ്പിന്റെ ഒരു കഷ്ണം എടുത്ത് ആവശ്യാനുസരണം ചുരുട്ടി പോർട്ടുകളിലും ദ്വാരങ്ങളിലും കടത്തി പശിമയുള്ള ഭാഗം ഉപയോഗിച്ച് മണ്ണും പൊടിയും നീക്കം ചെയ്യാം. ടേപ്പിന്റെ പശയിൽ മണ്ണും പൊടിയുമെല്ലാം പറ്റിപ്പിടിച്ചുകൊള്ളും. ഇതിനായി ഉപയോഗിക്കാവുന്ന ചെറിയ വാക്വം ഉപകരണങ്ങളും വിപണിയിൽ ലഭ്യമാണ്.
ഫോൺ അണുവിമുക്തമാക്കുന്നതെങ്ങനെ?
ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സ്മാർട്ഫോണുകളിൽ സൂക്ഷ്മാണുക്കൾ കടന്നുകൂടുമെന്നതിന് യാതൊരു സംശയവും വേണ്ട. സാധാരണ കൈകൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന സാനിറ്റൈസറുകളും, ആൽക്കഹോളുമെല്ലാം ഉപയോഗിച്ച് ഫോൺ അണുവിമുക്തമാക്കാമെന്നു കരുതിയെങ്കിൽ തെറ്റി. അത് ഫോണിന്റെ സംരക്ഷണ കവചങ്ങൾ നശിപ്പിക്കാൻ ഇടയുണ്ട്. ഫോൺ അണുവിമുക്തമാക്കാൻ എളുപ്പവഴികൾ ഒന്നുമില്ല. അൾട്രാ വയലറ്റ് പ്രകാശം ഉപയോഗിച്ചുള്ള ഒരു രീതിയുണ്ട്. ഇതിനായി ഫോൺസോപ്പ് എന്ന ഉപകരണം വിപണിയിലുണ്ട്. ഇതുവഴി 99.99 ശതമാനം ഫോണുകൾ അണുവിമുക്തമാക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.