ബോറിസ് ജോണ്‍സണ്‍ ബ്രിട്ടൺ പ്രധാനമന്ത്രി പദത്തിലേക്ക്
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ചുമതലയേൽക്കും. തെരേസ മേയ് രാജിവെച്ചതിനെ തുടർന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ നടത്തിയ വോട്ടെടുപ്പിൽ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ ബോറിസ് പരാജയപ്പെടുത്തി. ബോറിസിന് 66% വോട്ട് ലഭിച്ചു.
കൺസർവേറ്റീവ് പാർട്ടിയുടെ 1,66,000 അംഗങ്ങളാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ടു രേഖപ്പെടുത്തിയത്. ഇതിൽ 92,153 പേരുടെ വോട്ടുകൾ ബോറിസിന് ലഭിച്ചു. 46,656 വോട്ടുകളാണ് ജെറമിക്ക് ലഭിച്ചത്. ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെ കണ്ടശേഷം ബുധനാഴ്ചയാണ് തെരേസ മേയ് സ്ഥാനമൊഴിയുക. തുടർന്ന് ബോറിസ് സ്ഥാനമേറ്റെടുക്കും.
ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം തെരേസ മേയ് രാജിവെച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കും കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കും പുതിയ നേതാവിനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയത്. ബ്രെക്സിറ്റ് കരാറിൽ പാർലമെന്റിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലായിരുന്നു മേയുടെ രാജി.