മുംബൈയിൽ കനത്ത മഴ: ജനജീവിതം സ്തംഭിച്ചു; പൊതു അവധി പ്രഖ്യാപിച്ചു
കനത്തെ മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങൾ മാത്രമായിരിക്കും ഇന്ന് ലഭ്യമാവുക. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കൺ, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയിൽ റോഡ്, റെയിൽ, വ്യോ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയിൽ മലാഡിൽ മതിൽ തകർന്ന് വീണ് 13 പേരും പൂണെയിൽ ആറ് പേരും മരിച്ചു. പല സ്ഥലങ്ങളിലും ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
ഇവിടങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതായാണ് വിവരം. മുംബൈ എയർപോർട്ടിലെ പ്രധാന റൺവേ അടച്ചു. നഗരത്തിലെ സബർബൻ ട്രെയ്നുകളും സർവീസ് അവസാനിപ്പിച്ചു. ചൊവ്വാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്.
തിങ്കളാഴ്ച രാത്രി 11.45 നാണ് സ്പൈസ് ജെറ്റിന്റെ എസ്.ജി 6237 വിമാനം റൺവേയിൽ നിന്ന് തെന്നി മാറിയത്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ പ്രധാന റൺവെ താത്ക്കാലികമായി അടച്ചിട്ടു. രണ്ടാമത്തെ റൺവെയാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇതേത്തുടർന്ന് 54 വിമാനങ്ങൾ അഹമ്മദാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്.