ഇരുചക്രവാഹനത്തിനു തൊട്ടു പുറകിലായി കടുവ: ദൃശ്യങ്ങൾ പാമ്പ്രയിൽ നിന്നു തന്നെ; വനം വകുപ്പ്
പുൽപ്പള്ളി ബത്തേരിപുൽപ്പള്ളി റൂട്ടിൽ പാമ്പ്രയിൽ ബൈക്ക് യാത്രികരുടെ പിന്നാലെ റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ വീഡിയോ ദൃശ്യമുയർത്തിയ വിവാദങ്ങൾ വനം വകുപ്പ് അവസാനിപ്പിച്ചു. ദൃശ്യങ്ങൾ ചെതലയം കുറിച്യാട് റേഞ്ചുകളുടെ അതിർത്തിയിലെ പാമ്പ്രയിലാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വീഡിയോയുടെ ഉറവിടവും അത് വൈറലായ വഴികളും അറിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. കടുവയുടെ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണ് എന്നത് സംബന്ധിച്ച് ദിവസങ്ങളായി സമുഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പ്രദേശവാസികൾ സ്ഥലം സ്ഥിരീകരിച്ചതോടെയാണ് തർക്കത്തിന് വിരാമമായത്. കടുവയെ കാട്കയറ്റാനുള്ള നീക്കങ്ങളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കടുവയുടെ നീക്കങ്ങൾ അറിയാൻ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചുവെന്ന് ചെതലയം റേഞ്ച് ഓഫിസർ വി രതീശൻ പറഞ്ഞു. പ്രദേശത്ത് പോയി കടുവയെ കാണാനും ചിത്രീകരണം നടത്താനും ശ്രമിക്കരുതെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.