ഉന്നാവോ കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചു; പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്
ബിജെപി എംഎൽഎ കുൽദീപ് സിങ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ ട്രെക്ക് വന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.
2017 ജൂൺ നാലിനാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. ജോലി അഭ്യർഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎൽഎയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ കുൽദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. എൽഎൽഎക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് നീതി തേടി പെൺകുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാർത്തയായത്.
തുടർന്ന് വലിയ പ്രതിഷേധങ്ങൾ നടക്കുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഇതിനിടെ, പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.