Peruvayal News

Peruvayal News

വാഹന പരിശോധനയിൽ ’പഴുതാര’ പിടിയിൽ

വാഹന പരിശോധനയിൽ ’പഴുതാര’ പിടിയിൽ
  


 കാക്കനാട്: ബൈക്ക് യാത്രക്കാരന്റെ ഹെൽമെറ്റിനുള്ളിൽ താമസം ഉറപ്പിച്ച പഴുതാരയെ മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഹെൽമെറ്റ് തലയിൽ വയ്ക്കാതെ തൂക്കിയിട്ട് ബൈക്ക് ഓടിച്ചു വന്ന യുവാവിനെ ബുധനാഴ്ച ഇൻഫോപാർക്ക് ഭാഗത്തുെവച്ച് വെഹിക്കിൾ ഇൻസ്പെക്ടർമാർ പിടികൂടിയിരുന്നു.

ഹെൽമെറ്റ് കയിലുണ്ടായിരുന്നിട്ടും ധരിക്കാത്തതിന് കാരണമെന്തെന്ന് ഇൻഫോപാർക്ക് ജീവനക്കാരനായ യാത്രക്കാരനോട് ഉദ്യോഗസ്ഥർ ചോദിച്ചു. ഹെൽമെറ്റ് വയ്ക്കുമ്പോൾ തലയിൽ എന്തോ ഓടിക്കളിക്കുകയാണെന്നും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഊരി മാറ്റിയതാണെന്നും യുവാവ് മറുപടി നൽകി. ഹെൽമെറ്റിനുള്ളിൽ എന്തെങ്കിലും ജീവിയെ കണ്ടാൽ പിഴ അടയ്ക്കേണ്ട. ഇല്ലെങ്കിൽ 1,000 രൂപ പിഴ ഈടാക്കുമെന്ന് യാത്രക്കാരനോട് ഉദ്യോഗസ്ഥർ മുന്നറിയിപ്പും നൽകി.

ധൈര്യസമേതം യാത്രക്കാരൻ ഹെൽമെറ്റ് ഉദ്യോഗസ്ഥന് പരിശോധനയ്ക്കായി നീട്ടി. തുടർന്ന് അതിനുള്ളിൽ വലിയ പഴുതാരയെ കണ്ടതോടെ യാത്രക്കാരനും ഉദ്യോഗസ്ഥനും ഞെട്ടി. ഹെൽമെറ്റ് തലയിൽ െവയ്ക്കാത്തതിന്റെ യഥാർത്ഥ കാരണം മനസ്സിലായതോടെ ഉദ്യോഗസ്ഥരും അയഞ്ഞു. ഹെൽമെറ്റ് തലയിൽ െവച്ചിരുന്നെങ്കിൽ പഴുതാര ചെവിയിലേക്കും മറ്റും കയറാൻ സാധ്യതയുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായി.

അതേസമയം ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്താലുള്ള ഭവിഷ്യത്തുകളും യാത്രക്കാരനെ ഉദ്യോഗസ്ഥർ ബോധിപ്പിച്ചു. ഇനി യാത്രയ്ക്ക് ഇറങ്ങും മുൻപ് ഹെൽമെറ്റ് വിശദമായി പരിശോധിച്ച് തലയിൽ വെയ്ക്കണമെന്ന ഉപദേശവും നൽകി പിഴ ഈടാക്കാതെ യാത്രക്കാരനെ ഉദ്യോഗസ്ഥർ വിട്ടു.
Don't Miss
© all rights reserved and made with by pkv24live