കാലാവസ്ഥ മുന്നറിയിപ്പും സുരക്ഷ സംവിധാനങ്ങളും അവഗണിച്ചാല്‍ കര്‍ശന നടപടി; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്
മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന ജാഗ്രത മുന്നറിയിപ്പ് അവഗണിച്ചും മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയും, സാഗര ആപ്ലിക്കേഷന്‍ ഇല്ലാതെയും കടലില്‍ പോകുന്ന അന്യ സംസ്ഥാന, സംസ്ഥാന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കെഎംഎഫ്ആര്‍ ആക്ട് അനുസരിച്ച് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കി. മറൈന്‍ എന്‍ഫോഴ്സ്മെന്റ് മത്സ്യതൊഴിലാളികളെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ധരിക്കേണ്ട ആവശ്യകതയെകുറിച്ചു ബോധവത്കരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരളത്തില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ക്ക് വലിയ വില കിട്ടുമെന്ന് കരുതി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കൂട്ടത്തോടെ വള്ളങ്ങള്‍ കടലില്‍ പോകുന്നത് അപകടത്തിന് കാരണമാകുമെന്ന് കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പിന്റെ നടപടി.
ആതേസമയം തമിഴ്‌നാട്ടില്‍ നിന്ന് അടക്കം എത്തുന്ന പല ബോട്ടുകള്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും ഇല്ലാതെയാണ് എത്തുന്നതെന്ന് കണ്ടെത്തി. ഇത്തരം ബോട്ടുകളെ കസ്റ്റഡിയില്‍ എടുത്തു കര്‍ശന നിയമ നടപടിയെടുക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം ശക്തമാക്കിയെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.