ടോക്കിയോ ഒളിംപിക്സിന് ഇനി ഒരു വർഷം; സർവം ‘റോബോട്ടിക്സ്’ മയം.
ജോമിച്ചൻ ജോസ്
ഏഷ്യ ആദ്യമായി ഒളിംപിക്സിനു വേദിയായത് 1964ൽ ആണ്. അന്നും ജപ്പാനിലെ ടോക്കിയോ തന്നെയായിരുന്നു വേദി. ആ ഒളിംപിക്സിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് മത്സരവിവരങ്ങൾ കംപ്യൂട്ടറിൽ സൂക്ഷിച്ചു എന്നതാണ്. ആ ജപ്പാനിലേക്ക് വീണ്ടുമൊരു ഒളിംപിക്സ് എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ ഡിജിറ്റലാണ്. സാങ്കേതികവിദ്യയിൽ സർവരാജ്യങ്ങളെയും കടത്തിവെട്ടുന്ന ജപ്പാൻ, തങ്ങളുടെ കരുത്ത് ലോകത്തിനു പരിചയപ്പെടുത്താനുള്ള അവസരമായി ടോക്കിയോ ഒളിംപിക്സിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. 2020 ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെയാണു ടോക്കിയോ ഒളിംപിക്സ്. വേദികളിൽ അവസാനവട്ട ഒരുക്കം നടക്കുന്നു; ജപ്പാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിച്ചു കഴിഞ്ഞു: യൂകൊസോ; സ്വാഗതം!
ഹായ്, റോബട്ട്.
ഒളിംപിക് വേദികളിൽ റോബട്ടുകളെ തട്ടിയിട്ടു നടക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുമെന്നാണു സൂചന. എല്ലാ വേദികളിലും കായികതാരങ്ങളെയും കാണികളെയും സഹായിക്കാൻ റോബട്ട് വൊളന്റിയർമാരുണ്ടാവും. മത്സരങ്ങൾ കാണാനെത്തുന്നവർക്കു സീറ്റുകൾ തിരഞ്ഞെടുക്കാനും റോബട്ടുകളുടെ സേവനം കിട്ടും.
ടോക്കിയോ ഉപഗ്രഹം.
അടുത്ത മാർച്ചിൽ രാജ്യാന്തര സ്പേസ് സ്റ്റേഷനിൽനിന്ന് ഒരു ഉപഗ്രഹം (ടോക്കിയോ 2020 ജി സാറ്റലൈറ്റ്) പുറപ്പെടും. ഒളിംപിക്സ് പ്രക്ഷേപണത്തിനായുള്ള ദൃശ്യങ്ങൾ ശേഖരിക്കുകയെന്നതു മാത്രമാണ് ഈ ഉപഗ്രഹത്തിന്റെ ലക്ഷ്യം. 7 ക്യാമറകൾ ഉപഗ്രഹ നിർദേശാനുസരണം ഒളിംപിക്സ് നടക്കുന്ന കാലയളവിൽ ഭൂമിയെ ചുറ്റും. അവ അയയ്ക്കുന്ന ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള കാണികൾക്കു ദൃശ്യമാകും.
മാലിന്യമാണ് മെഡൽ
ഇലക്ട്രോണിക് മാലിന്യത്തിൽനിന്ന് (ഇ–വേസ്റ്റ്) നിർമിക്കുന്ന സ്വർണ, വെള്ളി, വെങ്കല മെഡലുകളാകും ടോക്കിയോ ഒളിംപിക്സ് വിജയികൾക്കായി സംഘാടകർ ഒരുക്കുക. ഇതിനായി ഒളിംപിക്സ് സംഘാടക സമിതി വലിയ ക്യാംപെയ്ൻ നടത്തി. ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞ സ്മാർട് ഫോൺ, ലാപ്ടോപ്, ഡെസ്ക്ടോപ്, മറ്റ് ഇലക്ട്രോണിക് സാമഗ്രികൾ എന്നിവ അടക്കം ഏകദേശം 4.80 കോടി കിലോ ഇ–മാലിന്യം ശേഖരിക്കാൻ കഴിഞ്ഞു. ‘ഇ’ മാലിന്യത്തിൽനിന്ന് 2700 കിലോ വെങ്കലവും 30 കിലോ സ്വർണവും 4100 കിലോ വെള്ളിയും വേർതിരിച്ചെടുക്കാൻ കഴിഞ്ഞു.
ഒളിംപിക്സിലെ മത്സരങ്ങൾക്കിടയിലും റോബട്ടിനെ കാണാൻ കഴിയും. ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുമ്പോൾ ഗ്രൗണ്ടിൽ ചെറിയ കാറോടിച്ച് റോബട്ടുകളുണ്ടാവും. ഡിസ്കസ്, ജാവലിൻ, ഹാമർ എന്നിവ ഫീൽഡിൽനിന്നെടുത്ത് വീണ്ടും ത്രോയിങ് ഏരിയയിലേക്കു കൊണ്ടുവരുകയെന്നതാണ് ഇവയുടെ ദൗത്യം.
പുതിയ ഇനങ്ങൾ
കരാട്ടെ, സ്പോർട്സ് ക്ലൈംബിങ്, സർഫിങ്, സ്കേറ്റ് ബോർഡിങ് എന്നിവ ആദ്യമായി ഒളിംപിക്സിൽ അരങ്ങേറ്റം നടത്തും. ബേസ്ബോളും സോഫ്റ്റ്ബോളും ഇടവേളയ്ക്കുശേഷം ഒളിംപിക്സിലേക്കു തിരിച്ചെത്തും.
∙ ‘‘സമാധാനത്തിന്റെ സന്ദേശമാണ് ഒളിംപിക്സ് എന്ന കായികമാമാങ്കം പങ്കുവയ്ക്കുന്നത്. ടോക്കിയോ ഒളിംപിക്സിന്റെ ദീപശിഖ റാലി തുടങ്ങുന്നത് ആണവദുരന്തമുണ്ടായ ഫുകുഷിമയിൽനിന്നാണ്. ആദ്യ അണുബോംബ് വീണ ഹിരോഷിമയിലൂടെയാകും ദീപശിഖ കടന്നുപോകുന്നത്. സൂനാമിയിൽ തകർന്നടിഞ്ഞ തൊഹോകു മേഖലയിലേക്കു ലോകശ്രദ്ധ ക്ഷണിക്കാനും ഒളിംപിക്സ് വഴിതെളിക്കും.’’ – തോമസ് ബാക്ക് (പ്രസിഡന്റ്, രാജ്യാന്തര ഒളിംപിക് കമ്മിറ്റി)