പാരീസ് യൂണിവേഴ്‌സിറ്റിയുടെ ഫെലോഷിപ്പ് നേട്ടവുമായി ചിറയിന്‍കീഴ് സ്വദേശിനി
മലയാളം മീഡിയത്തില്‍ പഠിച്ചവര്‍ക്കും ഉന്നതവിജയങ്ങള്‍ നേടാന്‍ കഴിയുമെന്നും വിദേശ സര്‍വകലാശാലകളില്‍ ഫെലോഷിപ്പോടെ ഗവേഷണം നടത്താന്‍ അവസരമുണ്ടാകുമെന്നും തെളിയിച്ചിരിക്കുകയാണ് ചിറയിന്‍കീഴ് സ്വദേശി തേജസ്വിനി. തിരുവനന്തപുരം ഐസറില്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) നിന്ന് ബി.എസ്.എം.എസ്. കോഴ്സ് പാസായ തേജസ്വിനിക്ക് പാരീസ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സില്‍ പിഎച്ച്.ഡി. ചെയ്യാനുള്ള ഫെലോഷിപ്പാണ് ലഭിച്ചത്.
''മാതൃഭാഷയില്‍ പഠിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച പഠനസൗകര്യങ്ങള്‍ ഉണ്ട്. നമ്മള്‍ എവിടെ പഠിക്കുന്നു എന്നതല്ല; എന്ത് പഠിക്കുന്നു എന്നതാണ് പ്രധാന കാര്യം'' തേജസ്വിനിയുടെ വാക്കുകള്‍ മലയാളം മീഡിയത്തില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രചോദനമാണ്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലോത്സവങ്ങളായിരുന്നു തന്റെ ഇഷ്ടവേദിയെന്നും തേജസ്വിനി പറയുന്നു. പത്തുവര്‍ഷത്തോളം ശാസ്ത്രീയ നൃത്തം പഠിക്കുകയും അതില്‍ നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തു. പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ കൂട്ടുകാരുമൊത്ത് നാടകമെഴുതി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. നാടകത്തിന് ജില്ലാതലംവരെ സമ്മാനങ്ങള്‍ നേടാനും ഇവര്‍ക്കായിട്ടുണ്ട്. സിനിമാ സംവിധായിക ആകാനായിരുന്നു അക്കാലത്ത് ആഗ്രഹം. ശാസ്ത്രരംഗത്ത് എത്തിച്ചേരുമെന്ന് കരുതിയിരുന്നില്ല. ഐസറില്‍ പ്രവേശനം കിട്ടിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.
ചിറയിന്‍കീഴ് ഗവ. യു.പി.എസിലും ശാരദവിലാസം സ്‌കൂളിലുമായാണ് തേജസ്വിനി എസ്.എസ്.എല്‍.സി.വരെ പഠിച്ചത്. പ്ലസ്ടുവിന് ആറ്റിങ്ങല്‍ ബി.എച്ച്.എസ്.എസിലാണ് പഠിച്ചത്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ കുറച്ചു പരിശ്രമിക്കണമെന്നല്ലാതെ മറ്റൊരു വെല്ലുവിളിയും മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ക്ക് നേരിടേണ്ടിവരില്ലെന്നാണ് തേജസ്വിനിയുടെ അഭിപ്രായം. കുട്ടികളെ അവരുടെ സ്വപ്നങ്ങളിലേക്കെത്തിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും തുല്യപ്രധാന്യമുണ്ട്. കഴിവില്ല എന്ന് പറഞ്ഞ് ആരെയും തള്ളിക്കളയരുത്.
അവരവര്‍ക്ക് താത്പര്യമുള്ള മേഖലകളില്‍ പ്രോത്സാഹനം നല്‍കിയാല്‍ കുട്ടികള്‍ക്ക് അന്താരാഷ്ട്ര തലത്തിലെ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ കഴിയുമെന്നും തേജസ്വിനി പറയുന്നു.
പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് ഐസറില്‍ ഇന്റഗ്രേറ്റഡ് പി.ജി.കോഴ്സിന് ചേര്‍ന്നത്. കോഴ്സ് പൂര്‍ത്തിയായതോടെ പാരീസ് യൂണിവേഴ്സിറ്റിയില്‍ ഗവേഷണത്തിന് അപേക്ഷിച്ചു. നിരവധിതലത്തില്‍ നടന്ന പരീക്ഷകളില്‍ വിജയിച്ച ഒന്‍പതുപേര്‍ക്കാണ് ഇത്തവണ അവിടെ ഫെലോഷിപ്പ് ലഭിച്ചത്. അന്താരാഷ്ട്ര നിലവാരത്തില്‍ ക്രോണോ ബയോളജിയില്‍ ഗവേഷണസൗകര്യവും പ്രതിമാസം ഒന്നരലക്ഷം രൂപയും മൂന്നുവര്‍ഷത്തെ ഫെലോഷിപ്പിലൂടെ ലഭിക്കും. ഇപ്പോള്‍ ഐസറില്‍ ഡോ. നിഷ എന്‍.കണ്ണന്റെ കീഴിലാണ് ഗവേഷണം നടത്തുന്നത്. ഒക്ടോബറില്‍ തേജസ്വിനി ഗവേഷണത്തിന് ചേരും.
ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശിയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ മാനേജരുമായ സുശോഭനന്റെയും ലാലി ശ്യാമിന്റെയും മകളാണ്. സഹോദരന്‍ അഭിമന്യു മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആസ്ട്രോ ഫിസിക്സില്‍ ഗവേഷണം നടത്തുകയാണ്.
ചിറയിന്‍കീഴിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍നിന്ന് പാരീസ് യൂണിവേഴ്സിറ്റിയിലേക്കുള്ള തേജസ്വിനിയുടെ പഠനയാത്ര എല്ലാ വിദ്യാര്‍ഥികള്‍ക്കും മാതൃയാക്കാവുന്ന ഒന്നാണ്.