ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും
ഇറാൻ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിൽ മലയാളികളും ഉള്ളതായി റിപ്പോർട്ട്. കപ്പൽ ജീവനക്കാരായ 23 പേരിൽ 18 പേരും ഇന്ത്യക്കാരാണ്. ഇതിൽ മൂന്നു പേർ മലയാളികളാണെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് കപ്പിലുള്ളത്. കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചനാണ് ഇതിൽ ഒരാൾ. ഡിജോയുടെ പിതാവിനെ കപ്പൽ കമ്പനി ഉദ്യോഗസ്ഥർ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റ് രണ്ട് പേർ എന്നാണ് ഡിജോയുടെ വീട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് ദിവസം മുമ്പ് വരെ ഡിജോയുമായി വീട്ടുകാർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നു. ഒരുമാസം മുമ്പാണ് ഡിജോ ഈ കപ്പലിൽ ജോലിക്ക് കയറിയത്.
കപ്പൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ കസ്റ്റഡിയിലാണുള്ളത്. കപ്പൽ ഇറാന്റെ ഒരു മീൻപിടിത്തബോട്ടിനെ ഇടിച്ചതായി ഹോർമുസ്ഗൻ പ്രവിശ്യയിലെ തുറമുഖ സമുദ്രകാര്യവിഭാഗം ഡയറക്ടർ ജനറൽ അല്ലാമൊറാദ് അഫിഫിപോറിനെ ഉദ്ധരിച്ച് ഇറാന്റെ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. ബോട്ടിന്റെ ക്യാപ്റ്റൻ ബ്രിട്ടീഷ് കപ്പലുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ സിഗ്നൽ നൽകിയില്ലെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ. സ്റ്റെന ബൾക്ക് എന്ന കമ്പനിയാണ് ഉടമസ്ഥർ. ഹോർമുസിൽ ഇറാൻ പിടിച്ചെടുത്തശേഷം കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് കമ്പനി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിൽവെച്ച് ചെറിയ കപ്പലും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയും കപ്പൽ ഇറാന്റെ സമുദ്രമേഖലയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.