Peruvayal News

Peruvayal News

ബംഗാളില്‍ നിന്നെത്തിയ തന്‍വീറിന് മലയാളവും മധുരം

ബംഗാളില്‍ നിന്നെത്തിയ തന്‍വീറിന് മലയാളവും മധുരം


മൂന്നു വർഷംകൊണ്ട് മലയാളം പച്ചവെള്ളം പോലെ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിച്ചു. തൻവീർ ഷേഖ് എന്ന കൊച്ചുമിടുക്കൻ ഇന്ന് നാടിന് പ്രിയപ്പെട്ടവനാണ്. ഇവൻ മലയാളിയല്ല, ബംഗാളിയാണ്. ഒപ്പമുള്ള കൂട്ടുകാർ അക്ഷരങ്ങൾ ചേർത്തെഴുതാൻ ഇപ്പോഴും ബുദ്ധിമുട്ടുമ്പോഴും പാഠപുസ്തകത്തിലെ ഓരോ ഭാഗവും അനായാസം കൈകാര്യംചെയ്യും ഈ മൂന്നാം ക്ലാസുകാരൻ. കോട്ടയം കറുകച്ചാൽ ചമ്പക്കര ഗവ.എൽ.പി.സ്കൂളിലെ ഈ കൊച്ചുമിടുക്കൻ ഇന്ന് ഏവർക്കും മാതൃകയായിരിക്കുകയാണ്.

പിതാവ് അജീജുൾ ഷേഖും അമ്മ ജമീലയും കെട്ടിട നിർമാണ തൊഴിലാളികളായാണ് ബംഗാളിൽനിന്ന് ചമ്പക്കരയിലെത്തിയത്. ഇവിടെ കുറുപ്പൻ കവലയിലെ വാടകവീട്ടിൽ കഴിയുമ്പോഴും കുട്ടികളെ നന്നായി പഠിപ്പിക്കണമെന്നായിരുന്നു ആഗ്രഹം.
ബെംഗാളി ഭാഷ മാത്രം അറിയാമായിരുന്ന തൻവീറിനെ കേരളത്തിലെ സ്കൂളിൽ ചേർക്കുന്നതെങ്ങനെ എന്ന ചോദ്യം ആദ്യം അലട്ടി. ഒടുവിൽ കുട്ടിയെ ചമ്പക്കര ഗവ.എൽ.പി.സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കാൻ തീരുമാനിക്കുകയായിരുന്നു.

തൻവീറിനെ മലയാളം പഠിപ്പിക്കുന്നത് ആദ്യം അധ്യാപകർക്ക് ശ്രമകരമായ ജോലിയായിരുന്നു. എന്നാൽ, ചുരുങ്ങിയ നാൾകൊണ്ട് തൻവീർ അക്ഷരങ്ങൾ എഴുതാനും വായിക്കാനും സംസാരിക്കാനും തുടങ്ങി. ഇപ്പോൾ ക്ലാസിൽ നന്നായി മലയാളം കൈകാര്യം ചെയ്യുന്ന ഏതാനും കുട്ടികളിൽ ഒരാളാണ് തൻവീർ. സഹപാഠികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാനും കഥകൾ വായിച്ചു കേൾപ്പിക്കാനും തൻവീറിനെയാണ് അധ്യാപകർ പതിവായി ഏല്പിക്കുന്നത്.

ജേഷ്ഠന്റെ പഠനമാതൃക പിന്തുടർന്ന് അനിയത്തി അലീഷ ഈ വർഷം ഇതേ സ്കൂളിൽ എൽ.കെ.ജി. വിദ്യാർഥിയായി ചേർന്നു. വായന വാരാചരണത്തിലൂടെ നാട് കടന്നുപോകുമ്പോൾ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ വായിച്ചും സംസാരിച്ചും മലയാള ഭാഷയെ ചേർത്തുപിടിക്കുകയാണ് അന്യദേശക്കാരനായ ഈ പയ്യൻ.
Don't Miss
© all rights reserved and made with by pkv24live