വിവാദ ചുവപ്പ് കാർഡ് ; മെസിക്ക് വിലക്ക്, പിഴശിക്ഷ
കോപ്പ അമേരിക്ക ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിൽ ചിലിക്കെതിരെ ചുവപ്പ് കാർഡ് കണ്ട് പുറത്തായ അർജന്റൈൻ നായകൻ ലയണൽ മെസിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക്. വിലക്കിന് പുറമേ 1500 യു എസ് ഡോളർ പിഴയും താരം ഒടുക്കണം. കഴിഞ്ഞ ദിവസമാണ് മെസിക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടി എന്താണെന്ന് കോൺ മെബോൾ പുറത്ത് വിട്ടത്. അതേ സമയം ഇതിനെതിരെ അപ്പീലിന് പോകാൻ മെസിക്ക് സാധിക്കില്ല. അത്തരം രീതിയിലുള്ള ശിക്ഷാനടപടിയാണ് കോൺ മെബോൾ സ്വീകരിച്ചിരിക്കുന്നത്.
ചിലിക്കെതിരായ മത്സരത്തിനിടെ മെസി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് വലിയ വിവാദമായിരുന്നു. ചിലി താരം ഗാരി മെഡലുമായി കളിക്കളത്തിൽ ഏറ്റുമുട്ടിയതിനാണ് റഫറി അന്ന് ചുവപ്പ് കാർഡ് കാട്ടിയതെങ്കിലും ചുവപ്പ് കാർഡ് അർഹിക്കുന്ന പ്രവർത്തിയൊന്നും മെസിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പിന്നീട് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
തുടർന്ന് മത്സരത്തിന് ശേഷം റഫറിയിംഗിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തി മെസി രംഗത്ത് വന്നത് അദ്ദേഹത്തിനേതിരെ കൂടുതൽ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കാരണമായേക്കുമെന്ന് വാർത്തകൾവന്നു. എന്നാൽ സംഭവം അന്വേഷിച്ച കോൺ മെബോളിന്റെ സിംഗിൾ ബെഞ്ച് അച്ചടക്ക ട്രിബ്യൂണലാണ് കൂടുതൽ ശിക്ഷാനടപടികൾ മെസിക്കെതിരെ സ്വീകരിക്കേണ്ട കാര്യമില്ലെന്നും, ഒരു മത്സര വിലക്കും, 1500 യു.എസ് ഡോളറുംമാത്രം അദ്ദേഹത്തിന് ശിക്ഷനൽകിയാൽ മതിയെന്നും വിധിച്ചത്.