അപ്പാച്ചെ ഹെലികോപ്റ്ററിന്റെ ആദ്യബാച്ച് ഇന്ത്യയിലെത്തി
ന്യൂഡൽഹി: അമേരിക്കൻ പ്രതിരോധ കമ്പനിയായ ബോയിങ്ങിൽ നിന്ന് ഇന്ത്യ വാങ്ങുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തി. നാല് ഹെലികോപ്റ്ററുകളാണ് ശനിയാഴ്ച ഇന്ത്യയിലെത്തിയത്. അടുത്ത ആഴ്ച നാല് ഹെലികോപ്റ്റർ കൂടെ ഇന്ത്യയ്ക്ക് കൈമാറും. വ്യോമസേനയുടെ ഹിൻഡോൺ വ്യോമതാവളത്തിലാണ് ഹെലികോപ്റ്ററുകൾ എത്തിയത്.
ആകെ 22 ഹെലികോപ്റ്ററുകളാണ് വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ ബോയിങ്ങിൽ നിന്ന് വാങ്ങുന്നത്. ഇതിൽ എട്ടെണ്ണം പത്താൻകോട്ട് വ്യോമതാവളത്തിലാകും വിന്യസിക്കുക. സെപ്റ്റംബറിൽ ഇവയെ ഔദ്യോഗികമായി സേനയുടെ ഭാഗമാക്കും. 2015 സെപ്റ്റംബറിലാണ് ഇതിനായി ബോയിങ്ങുമായി കരാർ ഒപ്പിട്ടത്.
വ്യോമസേനയ്ക്ക് പുറമെ കരസേനയ്ക്ക് വേണ്ടി ആറ് അപ്പാച്ചെ ഹെലികോപ്റ്റർ കൂടി ഇന്ത്യ വാങ്ങുന്നുണ്ട്. അപ്പാച്ചെ എ.എച്ച്-64ഇ ഹെലികോപ്റ്ററുകൾ ലോകത്തിലേറ്റവും മികച്ചവെയെന്നാണ് വിലയിരുത്തുന്നത്. അമേരിക്കൻ സൈന്യം ഉൾപ്പെടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാച്ചെ ഹെലികോപ്റ്റർ. 2020 ആകുമ്പോഴേക്കും 22 ഹെലികോപ്റ്ററുകളും വ്യോമസേനയുടെ ഭാഗമാകും. സേനയുടെ കരുത്ത് വർധിപ്പിക്കുന്നതാണ് ഇവയുടെ വരവെന്ന് വ്യോമസേന അവകാശപ്പെടുന്നു.