വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ കടയുടമകള്‍ അനിശ്ചത കാലത്തേക്ക് കടകളടച്ച് സമരത്തിനൊരുങ്ങുന്നു
തിരുവനന്തപുരം : വേതന പരിഷ്കരണമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് റേഷന്‍ കടയുടമകള്‍ അനിശ്ചത കാലത്തേക്ക് കടകളടച്ച് സമരത്തിനൊരുങ്ങുന്നു. ഇ പോസ് മെഷ്യനുകള്‍ പ്രവര്‍ത്തിക്കാത്തത്തിനെത്തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങുന്നതിന് പരിഹാരം കാണണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അടുത്ത മാസം ഏഴിന് റേഷന്‍ കടയുടമകള്‍ സൂചനാ സമരം നടത്തും.
നിലവില്‍ ലഭിക്കുന്ന വേതനം കൊണ്ട് റേഷന്‍കട നടത്തി മുന്നോട്ട് പോകാനാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സെയില്‍സ്മാന് വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം. മാസങ്ങളുടെ കുടിശികയാണ് പലപ്പോഴും വേതനത്തിന്‍റെ കാര്യത്തില്‍ ഉണ്ടാകുന്നത്. ഇതിനു പകരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ തൊട്ടടുത്ത മാസം തന്നെ വേതനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
സെര്‍വര്‍ തകരാറ്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് ഇ പോസ് മെഷ്യനുകളുടെ പ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. വിതരണത്തിനാവശ്യമായ സാധനങ്ങള്‍ ഓരോ മാസവും 15 ാം തിയ്യതിക്കുള്ളില്‍ റേഷന്‍ കടകളില്‍ എത്തിക്കണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രത്യക്ഷ സമരത്തിലേക്കിറങ്ങാനാണ് വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്. അനുകൂല നടപടിയുണ്ടെങ്കില്‍ സെപ്റ്റംബര്‍ മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് കാണിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് വ്യാപാരികള്‍ കത്ത് നല്‍കിയിട്ടുണ്ട്